ലൈംഗിക അതിക്രമങ്ങൾ സഹിക്കുന്നതുകൊണ്ടും അവസാനിച്ചില്ല ഈ പെൺകുട്ടികളുടെ ദുരന്തങ്ങൾ. കംഫർട്ട് സ്റ്റേഷനുകളിലെ പെൺകുട്ടികളെ വേട്ടയാടിയിരുന്ന മറ്റൊരു ഭീതിയായിരുന്നു ലൈംഗിക രോഗങ്ങൾ.
യാതൊരുവിധ സുരക്ഷാ മുൻകരുതലുകളും ഇല്ലാതെയായിരുന്നു പട്ടാളക്കാർ പെൺകുട്ടികളെ കടന്നാക്രമിച്ചിരുന്നത്. അതുകൊണ്ടുതന്നെ ലൈംഗിക രോഗബാധിതരുടെ എണ്ണം കംഫർട്ട് സ്റ്റേഷനിൽ ദിനംപ്രതി വർധിച്ചുകൊണ്ടേയിരുന്നു.
“രോഗത്തിന്റെ കാഠിന്യവും വേദനയും അറിയാതെയിരിക്കാൻ ഉയർന്ന ഡോസിലുള്ള വേദനസംഹാരികളാണ് ഞങ്ങൾക്കു നൽകിയിരുന്നത്. ഇതിനു പുറമേ സ്വകാര്യഭാഗങ്ങളിൾ രാസപദാർഥങ്ങൾ ഒഴിച്ചു. അതോടെ ഒരു കുഞ്ഞിനു ജന്മം നൽകാനുള്ള എന്റെ ആഗ്രഹത്തിനും അവർ അന്ത്യം കുറിച്ചു.””- ലീ പറഞ്ഞു.
കൊടും ക്രൂരത
ഒരിക്കൽ ഒരു കൊറിയൻ പെൺകുട്ടിയിൽനിന്ന് അൻപതോളം പട്ടാളക്കാരിലേക്കു ലൈംഗികരോഗം പടർന്നു. ഇതിൽ കലികയറിയ അവർ രോഗവ്യാപനം തടയാനായി അവളുടെ സ്വകാര്യ ഭാഗങ്ങളിലേക്ക് ഇരുന്പു കന്പി പഴുപ്പിച്ചു കയറ്റിയെന്നു ചോംഗ് വെളിപ്പെടുത്തുന്നു.
രോഗത്തിനു പുറമേ ഗർഭം ധരിക്കുന്ന സ്ത്രീകളും കടുത്ത പീഡനങ്ങൾക്കു വിധേയരായി. ഒരു പെൺകുട്ടി ഗർഭിണിയാണെന്ന വിവരം അറിഞ്ഞാൽ അതു നശിപ്പിക്കാൻ എത്ര ക്രൂരമായ വഴികൾ തെരഞ്ഞെടുക്കാനും അവിടെയുള്ളവർ മടിച്ചിരുന്നില്ല.
ഹ്വാങ് കും ജൂ എന്ന പതിനേഴുകാരിയെ ഞാനിപ്പോൾ ഓർത്തുപോകുന്നു. ജപ്പാൻ സേനയുടെ ആയുധ നിർമാണശാലയിലായിരുന്നു അവൾക്ക് ആദ്യം ജോലി. അതിനുശേഷം അവളെ കംഫർട്ട് സ്റ്റേഷനിലേക്കു മാറ്റിപ്പാർപ്പിച്ചു.
തുടക്കത്തിൽ ഉയർന്ന ഉദ്യോഗസ്ഥർക്കു മാത്രമായിരുന്നു അവളുടെ മേൽ അവകാശം. എന്നാൽ, അവർക്ക് അവളുടെമേലുള്ള കൗതുകങ്ങൾ അവസാനിച്ചതോടെ അവളും ഞങ്ങളിൽ ഒരുവളായി. അവൾ കുറഞ്ഞതു മൂന്നു പ്രാവശ്യമെങ്കിലും ഗർഭം ധരിച്ചു. ആദ്യത്തെ പ്രാവശ്യം അവൾ ആ സത്യം തിരിച്ചറിഞ്ഞതു മൂന്നാം മാസമാണ്.
ലൈംഗികരോഗ ബാധ ഒഴിവാക്കാനായി ഇതിനിടെ അവർ ഞങ്ങൾക്ക് 606 എന്ന ഇൻജക്ഷൻ തന്നിരുന്നു. ഒരുപക്ഷേ ആ കുത്തിവയ്പാകാം അവളുടെ ഗർഭഛിദ്രത്തിനു കാരണമായത്. രണ്ടാമത്തെയും മൂന്നാമത്തെയും തവണ അവർ അവളെ സേനയുടെ ആശുപത്രിയിൽ കൊണ്ടുപോയി.
രക്ഷപ്പെടാൻ ശ്രമം
1945ലെ ജപ്പാന്റെ പരാജയത്തിനു മുൻപുതന്നെ കുറച്ചു സ്ത്രീകൾ കംഫർട്ട് സ്റ്റേഷനിൽനിന്നു രക്ഷപ്പെട്ടു. അവർക്കു രക്ഷപ്പെടാൻ സാധിച്ചെങ്കിൽ എനിക്കും പറ്റും എന്ന ധൈര്യമാണ് ചോങ് ഓകെ സങിനെ അതിനു പ്രേരിപ്പിച്ചത്.
എന്നാൽ, പ്രതീക്ഷയ്ക്കപ്പുറമാണ് സംഭവിച്ചതെന്ന് അവർ പറയുന്നു. “എനിക്കൊപ്പം മറ്റു ചില പെൺകുട്ടികൾ കൂടിയുണ്ടായിരുന്നു. ആദ്യത്തെ ശ്രമം പരാജയപ്പെട്ടു. എങ്കിലും ഒന്നു കൂടെ ശ്രമിച്ചു. രണ്ടാം വട്ടം പിടിക്കപ്പെട്ടു. പിന്നെ പറയേണ്ടതില്ലല്ലോ.
അതിനു ശേഷമുള്ള ഓരോ ദിവസവും ഞങ്ങൾ അനുഭവിച്ച നരകയാതനകൾ പറഞ്ഞറിയിക്കാനാവില്ല. അവർ ഞങ്ങളുടെ തലയിൽ ആഞ്ഞടിച്ചു. മൂർച്ചയുള്ള വാൾകൊണ്ടു ശരീരമാകെ തല്ലിച്ചതച്ചു. ചുണ്ടിലും നെഞ്ചിലും വയറിലുമെല്ലാം പച്ചകുത്തി. അപ്പോഴേക്കും എന്റെ ബോധം മറഞ്ഞു കണ്ണിൽ ഇരുട്ടുകയറിത്തുടങ്ങി.
ഞാൻ നിലത്തേക്ക് ഊർന്നു വീണു. പിന്നെ കണ്ണുതുറക്കുന്പോൾ ഞാനൊരു മലയുടെ അടിവാരത്തിലാണ്. എനിക്കൊപ്പം മറ്റു രണ്ടു പെൺകുട്ടികൾ കൂടിയുണ്ടായിരുന്നു. ഒരാൾ മരിച്ചു. മറ്റേയാൾ മരണവുമായി മല്ലിടുന്നു.
സമീപവാസിയായ ഒരാൾ ഞങ്ങൾക്കു തുണയായി. അയാൾ ആരാണെന്ന് എനിക്കറിയില്ല. അയാൾ ഞങ്ങൾക്കു ഭക്ഷണവും ആഹാരവും തന്നു. മുറിവുകളിൽ മരുന്നു പുരട്ടി തന്നു. ഒടുവിൽ തിരികെ കൊറിയയിലേക്കെത്താൻ സഹായിക്കുകയും ചെയ്തു.’ ചോങ് പറയുന്നു.
പതിമൂന്നാം വയസിൽ നിർഭാഗ്യവശാൽ എടുത്തണിയാൻ നിർബന്ധിതമായ ലൈംഗിക അടിമയുടെ മുഷിഞ്ഞു നാറിയ കുപ്പായം അഞ്ചു വർഷങ്ങൾക്കു ശേഷം വലിച്ചെറിഞ്ഞു ചോങ് ജന്മ നാട്ടിലേക്കു മടങ്ങി. എന്നാൽ ലീക്ക് സ്വതന്ത്രയാകാൻ പിന്നെയും കാത്തിരിക്കേണ്ടി വന്നു, യുദ്ധം അവസാനിക്കും വരെ.
(തുടരും).