“ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ജപ്പാൻ സർക്കാർ തയാറായില്ല. നഷ്ടപരിഹാരവും ക്ഷമാപണവുമാണ് ഞങ്ങൾ അവരിൽനിന്നു പ്രതീക്ഷിക്കുന്നത്. അത് എന്റെ, എന്നെപ്പോലെ പട്ടാള ബാരക്കുകളിൽ ജീവിതം പിച്ചിച്ചീന്തപ്പെട്ട സ്ത്രീകളുടെ അവകാശമാണ്.
‘ ദക്ഷിണ കൊറിയയിലെ ഹൗസ് ഓഫ് ഷെയറിംഗ് എന്ന അഭയ കേന്ദ്രത്തിലിരുന്നു ലോകത്തിലെ അവസാന കംഫർട്ട് സ്ത്രീകളിൽ ഒരാളായ ലീ ഓക്കെ സിയോൺ പറഞ്ഞു. ലീക്ക് ഇപ്പോൾ വയസ് 93. വാർധക്യത്തിന്റെ അവശതകൾ മറന്ന് ലീ ഇന്നും പോരാട്ടം തുടരുന്നത് അവരെപ്പോലുള്ള അനേകം കംഫർട്ട് സ്ത്രീകൾക്കു നീതി ലഭിക്കാനാണ്.
അഞ്ചു പതിറ്റാണ്ടത്തെ ഇടവേളയ്ക്കു ശേഷം ജന്മനാടായ ദക്ഷിണ കൊറിയയിലേക്ക് മടങ്ങി എത്തിയ ലീക്ക് അഭയം നൽകാൻ ആകെയുണ്ടായിരുന്നതു ഹൗസ് ഓഫ് ഷെയറിംഗ് മാത്രമാണ്. അവിടെ ലീ തനിച്ചായിരുന്നില്ല.
ബാല്യവും കൗമാരവും യൗവനവുമെല്ലാം ചിലരുടെ അധമമോഹങ്ങൾക്കു മുന്നിൽ അടിമവയ്ക്കപ്പെട്ട്, ഒടുവിൽ വാർധക്യത്തിന്റെ പടിവാതിൽക്കൽ അനാഥരായി നിൽക്കുന്ന അഞ്ചു പേർ കൂടിയുണ്ടായിരുന്നു, അഞ്ച് കംഫർട്ട് സ്ത്രീകൾ.
ഇവർക്കെല്ലാം പറയാനുള്ളത് ഉൾക്കിടലത്തോടെ മാത്രം കേൾക്കാൻ കഴിയുന്ന ഒരേ അനുഭവങ്ങളാണ്. വർണക്കടലാസുകളും കളിപ്പാട്ടങ്ങളും അക്ഷരങ്ങളും നിറഞ്ഞു നിൽക്കേണ്ട ബാല്യത്തിനു മുകളിലേക്കു ഭീതിയുടെയും വേദനയുടെയും കരിന്പടം വീഴ്ത്തിയ നാളുകളെക്കുറിച്ച്.
കംഫർട്ട് വിമൺ
കംഫർട്ട് വിമൺ എന്നു പറയുന്പോൾ എല്ലാവർക്കും മനസിലാകണമെന്നില്ല. കംഫർട്ട് വിമൺ എന്നതിനേക്കാൾ ലൈംഗിക അടിമ എന്നു പറയുന്നതാവും ഉചിതം. കാരണം രണ്ടാലോക മഹായുദ്ധകാലത്ത് ജപ്പാൻ പട്ടാളക്കാരുടെ സുഖത്തിനു വേണ്ടി നിഷ്കരുണം വലിച്ചെറിയപ്പെട്ട ഈ പെൺകുട്ടികൾ ജീവിച്ചത് ശരിക്കും അടിമകളായിത്തന്നെയാണ്.
രണ്ടുലക്ഷത്തോളം പെൺകുട്ടികളെയാണ് ഈ നരകജീവിതത്തിലേക്ക് വിധി വലിച്ചെറിഞ്ഞത്. ജീവിതത്തെ കാർന്നു തിന്ന ആ 55 വർഷങ്ങൾ ഓർത്തെടുക്കുകയാണ് ലീ ഓകെ.
“ജപ്പാൻ അധിനിവേശ കൊറിയയിലായിരുന്നു എന്റെ കുടുംബം. ഞങ്ങൾ ആറു സഹോദരങ്ങളായിരുന്നു. പഠിക്കാൻ മിടുക്കിയായിരുന്നു ഞാൻ. പഠിച്ചു വലുതാകുന്പോൾ ശാസ്ത്രജ്ഞയാകണം എന്നായിരുന്നു ആഗ്രഹം. എന്നാൽ, വീട്ടിലെ സാന്പത്തിക ബുദ്ധിമുട്ടുകൾ മൂലം ചെറിയ ക്ലാസിൽത്തന്നെ പഠനം മുടങ്ങി. അങ്ങനെ ശാസ്ത്രജ്ഞ എന്ന സ്വപ്നം മുളയിലേ നുള്ളപ്പെട്ടു.’
മറക്കാനാവത്ത രാത്രി
പതിനഞ്ചാം വയസിൽ ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനായി ലീ ജോലിക്കാരിയായി. വീടിനടുത്തുള്ള ഒരു ഹോട്ടലിലായിരുന്നു ലീക്ക് ജോലി. 1942 ജൂലൈ 29ലെ ആ രാത്രി താൻ ഒരിക്കലും മറക്കില്ലെന്ന് ലീ പറയുന്നു.
“അന്നു ജോലി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുന്പോൾ വളരെ വൈകിയിരുന്നു. ജോലിസ്ഥലം വീട്ടിൽനിന്ന് അധികം ദൂരെ അല്ലാത്തതിനാൽ എനിക്കു ഭയം തോന്നിയില്ല. ഹോട്ടലിനു പുറത്തേക്കിറങ്ങി ആളൊഴിഞ്ഞ തെരുവിലൂടെ ഞാൻ നടന്നു. പതിവായി യാത്ര ചെയ്യുന്ന വഴിയാണെങ്കിലും പെട്ടെന്ന് അകാരണമായൊരു ഭീതി എന്റെയുള്ളിൽ വളർന്നു.
ആരോ പിന്തുടരുന്നു എന്നൊരു തോന്നൽ. തിരിഞ്ഞു നോക്കാനുള്ള ധൈര്യമുണ്ടായില്ല. നടപ്പിന്റെ വേഗം കൂട്ടാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല. തെരുവുവിളക്കിന്റെ അരണ്ട വെളിച്ചം മിന്നിമിന്നി നിന്നു. തൊട്ടുപിന്നിൽ ആളനക്കം തോന്നി.
തിരിയാൻ ഒരുങ്ങിയതും ബലിഷ്ഠമായ നാലു കരങ്ങൾ എന്റെമേൽ പതിച്ചു. അവർ എന്റെ കൈകൾ പിന്നിൽനിന്നു കൂട്ടിപ്പിടിച്ചു. കുറച്ചു സമയത്തേക്ക് എന്താണ് സംഭവിക്കുന്നതെന്നു മനസിലാകാതെ സ്തംഭിച്ചു നിന്നെങ്കിലും കഴിവിന്റെ പരമാവധി ഞാൻ കുതറിനോക്കി. കഴിയാതെ വന്നതോടെ അലറിക്കരഞ്ഞു.
പക്ഷേ, തെരുവിൽ നിറഞ്ഞനിന്ന ഇരുട്ടല്ലാതെ മറ്റാരും എന്റെ നിലവിളി കേട്ടില്ല. തെരുവിലൂടെ എന്നെ വലിച്ചിഴയ്ക്കുന്നതിനിടയിൽ അവർ പരസ്പരം എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. എനിക്ക് ഒന്നും മനസിലായില്ല. തെരുവുവിളക്ക് കണ്ണുചിമ്മിയ ഒരു ഞൊടിയിൽ ഞാൻ അവരുടെ മുഖം കണ്ടു. ഒരാൾ കൊറിയക്കാരൻ, മറ്റേയാൾ ജപ്പാൻകാരനും.
ട്രെയിനിലേക്ക്
ഉൾസാൻ റെയിൽവേ സ്റ്റേഷനിലേക്കാണ് അവർ എന്നെ ബലം പ്രയോഗിച്ചു പിടിച്ചുകൊണ്ടു പോയത്. പ്ലാറ്റ്ഫോമിലേക്കു കയറിയ അവർ അവിടെ നിർത്തിയിട്ടിരുന്ന ഒരു ട്രെയിനിലേക്ക് എന്നെ വലിച്ചെറിഞ്ഞു. ഞാൻ മുഖമുയർത്തിയ നിരനിരയായി അടുക്കി ഇരുത്തിയിരുന്ന പെൺകുട്ടികൾ.
അവരുടെ ഇടയിലേക്കാണ് ഞാൻ ചെന്നു വീണത്. വീണിടത്തുനിന്നെഴുന്നേറ്റു പുറത്തേക്കോടാൻ ഒരുങ്ങിയപ്പോഴേക്കും എനിക്കു പിന്നിൽ ആ ബോഗിയുടെ വാതിൽ അടഞ്ഞിരുന്നു. കൂട്ടത്തിൽ പരിചിതമായ മുഖമേതെങ്കിലുമുണ്ടോയെന്ന് എന്റെ കണ്ണുക
ൾ ചുറ്റും പരതി. ഇല്ല… ആരുമില്ല… എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയുന്നതിനു മുൻപുതന്നെ തീവണ്ടിയുടെ നീണ്ട ചൂളം വിളി ഞാൻ കേട്ടു.ആ തീവണ്ടി ഒരു തുരങ്കത്തിലൂടെ കടന്നു പോകുംവിധം എന്റെ കണ്ണിൽ ഇരുട്ടു കയറി. ചുറ്റുമുള്ള കാഴ്ചകൾ മറഞ്ഞു. മുന്നോട്ടു പോകുന്തോറും ചൂളം വിളിയുടെ ശബ്ദം ഉയർന്നുയർന്നു വരുന്നതായി എനിക്കു തോന്നി.
ഈ നേരം എന്നെ കാണാതെ എന്റെ കുടുംബം ആശങ്കപ്പെടുന്നുണ്ടാകുമെന്ന ചിന്ത എന്നെ കൂടുതൽ നോവിച്ചു. കാൽമുട്ടിലേക്കു മുഖം കുനിച്ചിരുന്നു ഞാൻ കരഞ്ഞു. അപ്പോഴും എനിക്കറിയില്ലായിരുന്നു ആ തീവണ്ടിയുടെ ലക്ഷ്യസ്ഥാനം ഏതെന്ന്’ ലീയുടെ ശബ്ദത്തിൽ ആ പതിനഞ്ചുകാരിയുടെ വിറയൽ പടർന്നു.
ലീയുൾപ്പെടെയുള്ള ആയിരക്കണക്കിനു പെൺകുട്ടികളെയും നിറച്ച് ഉൾസാനിൽനിന്നു യാത്ര തിരിച്ച ആ തീവണ്ടി എത്തിനിന്നതെവിടെ?
തുടരും…