കൊച്ചി: കോട്ടയത്തു ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ടിനെ അഭിഭാഷകര്‍ പ്രതിഷേധിക്കുകയും അസഭ്യം പറയുകയം ചെയ്ത സംഭവത്തിലെ കേസ് ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
സംഭവത്തില്‍ കോട്ടയം ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. കെ.എ. പ്രസാദ്, സെക്രട്ടറി അഡ്വ. ടോമി കെ. ജയിംസ് എന്നിവരുള്‍പ്പടെ 29 അഭിഭാഷകര്‍ക്കെതിരെ ഹൈക്കോടതി സ്വമേധയാ ക്രിമിനല്‍ കോടതിയലക്ഷ്യക്കേസെടുത്തിരിക്കുന്നത്. മജിസ്ട്രേട്ടിനെതിരെയുള്ള പ്രതിഷേധത്തിന്റെയും മുദ്രാവാക്യം വിളികളുടെയും ദൃശ്യങ്ങളും മജിസ്ട്രേട്ട് നല്കിയ റിപ്പോര്‍ട്ടും പരിഗണിച്ചാണു ഹൈക്കോടതി സ്വമേധയാ കേസെടുത്തത്.
സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഹൈക്കോടതി ഇന്നലെ തുറന്ന കോടതിയില്‍ പരിശോധിച്ചു. സര്‍ക്കാരിന് വേണ്ടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന് ടി.എ. ഷാജിയും കോടതിയില്‍ ഹാജരായിരുന്നു. ഒരു കേസില്‍ പ്രതിക്ക് ജാമ്യം ലഭിക്കുന്നതിന് വ്യാജരേഖ ഹാജരാക്കിയെന്ന ആരോപണത്തില്‍ പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകനെതിരേ കേസെടുക്കാന്‍ ചീഫ് ജുഡിഷ്യല്‍ മജിസ്ട്രേട്ട് കോടതി നിര്‍ദേശിച്ചിരുന്നു.
തുടര്‍ന്നാണ് അഭിഭാഷകര്‍ മജിസ്ട്രേട്ടിനെതിരേ പ്രതിഷേധവുമായി രംഗത്തെത്തിയത്. മജിസ്ട്രേട്ടിനെതിരെയുള്ള പ്രതിഷേധത്തിന്റെയും മുദ്രാവാക്യം വിളിയുടെയും ദൃശ്യങ്ങളും മജിസ്ട്രേട്ട് നല്കിയ റിപ്പോര്‍ട്ടും പരിഗണിച്ചാണ് ഹൈക്കോടതി ഈ വിഷയത്തില്‍ സ്വമേധയാ കേസെടുക്കാന്‍ തീരുമാനിച്ചത്.
അഭിഭാഷകര്‍ക്കെതിരേയുള്ള ആരോപണം ഗൗരവമുള്ളതാണെന്നും ഹൈക്കോടതി പറഞ്ഞു. നേരത്തെ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്കാന് കേരള ബാര്‍ കൗണ്‍സില്‍ അഞ്ചംഗ സമിതിയെ നിയോഗിച്ചിരുന്നു.