ഒറ്റപ്പാലം: ഭാരതപ്പുഴ വറ്റിവരണ്ടതോടെ പുഴയെ ആശ്രയിച്ച് പ്രവർത്തിക്കുന്ന ശുദ്ധജല വിതരണപദ്ധതികൾ സ്തംഭനത്തിലേക്ക് നീങ്ങുന്നു. പാലക്കാട്, മലപ്പുറം, തൃശൂർ അടക്കമുള്ള പ്രധാനപ്പെട്ട മൂന്ന് ജില്ലകളുടെ പ്രധാന ജലസ്രോതസ് ഭാരതപ്പുഴയാണ്.
കുടിവെള്ളത്തിനും കാർഷികവൃത്തിക്കും മൂന്നു ജില്ലക്കാരും ആശ്രയിക്കുന്നത് ഭാരതപ്പുഴയെയാണ്. ഭാരതപ്പുഴ വറ്റിവരണ്ട് നീർച്ചാൽപോലുമില്ലാതെ മരുപ്രദേശങ്ങളെ അനുസ്മരിപ്പിക്കും വിധമാണ് ഭൂരിഭാഗം പ്രദേശങ്ങളും.മരുഭൂമിക്ക് തുല്യമായി കിടക്കുന്ന ഭാരതപ്പുഴയുടെ പല പ്രദേശങ്ങളിലും ജെസിബി ഉപയോഗിച്ച് കുഴിയെടുത്താണ് ജലസംഭരണികളിൽ ആവശ്യമായ വെള്ളത്തിനു വഴി കണ്ടെത്തുന്നത്.
എന്നാൽ പുഴയുടെ മണൽപ്രദേശത്ത് കുടിവെള്ള സംഭരണികൾക്ക് സമീപമായി എടുത്ത വൻകുഴികളിലും വെള്ളംവറ്റി തുടങ്ങി. അതുകൊണ്ടുതന്നെ രണ്ടുദിവസം കൂടുന്പോഴും മറ്റുമാണ് ഇപ്പോൾ വാട്ടർ അതോറിറ്റി പന്പിംഗ് നടത്തുന്നത്.
ഇതുകൊണ്ടുതന്നെ രൂക്ഷമായ കുടിവെള്ളക്ഷാമമാണ് ജനങ്ങൾ അഭിമുഖീകരിക്കുന്നത്. കാർഷികവൃത്തികൾക്കും ഇതിനകം വൻതിരിച്ചടിയാണ് നേരിട്ടത്. മൂന്നു ജില്ലകളിലും പച്ചക്കറി അടക്കമുള്ള കാർഷികവൃത്തികൾക്ക് വൻപ്രതിസന്ധിയാണ് ഉണ്ടായിട്ടുള്ളതെന്ന് കർഷകർ പറയുന്നു.
മേൽപ്പറഞ്ഞ മൂന്ന് ജില്ലകളിലുമായി ചെറുതും ചെറുതും വലുതുമായ നൂറിന് പുറത്ത് കുടിവെള്ളപദ്ധതികളാണ് ഭാരതപ്പുഴയെ ആശ്രയിച്ച് സ്ഥിതിചെയ്യുന്നത്. ഈ കുടിവെള്ളപദ്ധതികൾ എല്ലാം അവതാളത്തിലായതോടെ ആയിരക്കണക്കിന് ജനങ്ങളാണ് വലയുന്നത്.
ഭാരതപ്പുഴയിൽ നിർമിച്ചിട്ടുള്ള തടയണകളിൽ സമൃദ്ധമായി ജലമുണ്ടെങ്കിലും മഴ ലഭിക്കാത്തപക്ഷം ഏറെ താമസിയാതെ ഇവയും വരണ്ടുണങ്ങുമെന്ന കാര്യം ഉറപ്പാണ്. പ്രധാനപ്പെട്ട ജലസംഭരണികളെല്ലാം ഇതിനകം തന്നെ വറ്റിവരണ്ടുണങ്ങി. ഇനിയും കാലവർഷം വൈകിയാൽ ജനങ്ങൾ ശരിക്കും വലയുമെന്ന കാര്യം ഉറപ്പാണ്. അതേസമയം മലന്പുഴ തുറന്നുവിട്ടു. ഭാരതപ്പുഴയിൽ വെള്ളം എത്തിക്കണമെന്ന ആവശ്യവും വ്യാപകമായി ഉയർന്നു.