ഒരു ബാര്‍ബിക്യൂ കാരണം ഉണ്ടായത് വെറും 51 ലക്ഷം രൂപയുടെ നഷ്ടം. ലംബോര്‍ഗിനി അവന്റഡോറിന്റെ എക്സ്ഹോസ്റ്റില്‍ നിന്ന് വരുന്ന തീയില്‍ ഇറച്ചി ഗ്രില്‍ ചെയ്യാന്‍ ശ്രമിച്ച യുവാവിനാണ് ഈ കനത്ത നഷ്ടം സംഭവിച്ചത്.
ചൈനയിലെ ഹുവാന്‍ പ്രവിശ്യയിലാണ് സംഭവം നടന്നത്. കൂട്ടുകാരുമൊത്ത് ഒരു അണ്ടര്‍ ഗ്രൗണ്ട് പാര്‍ക്കിംഗില്‍ പാര്‍ട്ടി നടത്തുകയായിരുന്ന യുവാവിന്റെ തലയില്‍ ഞൊടിയിടയിലാണ് പുതിയൊരു ഐഡിയ ഉദിച്ചത്.
ത്രോട്ടില്‍ നല്‍കുന്നതിന് അനുസരിച്ച് ലംബോര്‍ഗിനി അവന്റഡോറിന്റെ എക്സ്ഹോസ്റ്റില്‍ നിന്ന് ഇടയ്ക്ക് തീ വരാറുണ്ട്. എന്‍ജിനില്‍ നിന്നുള്ള റോ ഫ്യൂവല്‍ എക്സ്ഹോസ്റ്റിലേക്ക് തള്ളുന്നതുകൊണ്ടാണ് ഇത്തരത്തില്‍ സംഭവിക്കുന്നത്.
എന്തുകൊണ്ട് ആ തീയില്‍ ഇറച്ചി ഗ്രില്‍ ചെയ്തുകൂടാ എന്ന ചിന്തയാണ് യുവാവിന് 51 ലക്ഷം രൂപ നഷ്ടമുണ്ടാക്കിയത്. കുറച്ചു നേരം രസകരമായിരുന്നുവെങ്കിലും എന്‍ജിനില്‍ നിന്ന് പുക വന്നതോടെ പണിപാളിയെന്ന് മനസ്സിലാക്കിയ യുവാവ് ഗ്രില്‍ മതിയാക്കി.
വാഹനത്തിന്റെ കൂളന്റ് സിസ്റ്റവും തകരാറിലായി. കുടൂതല്‍ നേരം റേവ് ചെയ്തത് വാഹനത്തിന്റെ എന്ജിന് താപനില ഉയര്‍ത്തിയെന്നും അത് എന്ജിന് തകരാറിലാക്കിയെന്നുമാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.
കൂളന്റ് ലീക്കായി നിലത്തുകൂടെ ഒഴുകുന്നതും വിഡിയോയില്‍ കാണാം. ലംബോര്‍ഗിനിയില്‍ ഗ്രില്‍ ചെയ്യുന്നു എന്ന പേരില്‍ വീഡിയോ ലോകം മുഴുവന്‍ വൈറലായിരിക്കുകയാണ്.
സൂപ്പര്‍ക്കാര്‍ നന്നാക്കുന്നതിനായി ഏകദേശം 5 ലക്ഷം യുവാന്‍ (51 ലക്ഷം രൂപ) വേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടു ദശലക്ഷം യുവാനാണ്(ഏകദേശം 2.2 കോടി രൂപ) ലംബോര്‍ഗിനി അവന്റഡോറിന്റെ ചൈനീസ് വില.