ലോക്ക്ഡൗണിനെത്തുടർന്ന് ബാർബർ ഷോപ്പുകൾ അടച്ചതോടെ നിരവധി ആളുകളാണ് ദുരിതത്തിലായത്. തലമുടി വളർന്നതോടെ കൊച്ചുകുട്ടികളടക്കമുള്ളവരിൽ അസ്വസ്ഥതകൾ ഏറുകയാണ്.
ജലദോഷവും തുമ്മലും തൊണ്ടവേദനയും അനുഭവപ്പെടുന്നവരിൽ ചെറുപ്പക്കാരുമുണ്ട്. കോവിഡ് ആണെന്ന സംശയത്തിൽ ജലദോഷംമൂലം ഡോക്ടർമാരെ സമീപിക്കുന്നവരും ഏറെ. വിയർപ്പോടുകൂടി കുളിക്കുന്പോൾ വളർന്ന മുടിക്കിടയിൽ ജലാംശം തങ്ങിനിന്നാണ് ജലദോഷത്തിനു കാരണമാകുന്നത്.
മുടിയും താടിയും നീണ്ടതിനാൽ രോഗാവസ്ഥയിലും മറ്റും കഴിയുന്ന വൃദ്ധരും ബുദ്ധിമുട്ടുന്നു. ചൂടുകാലത്തു വീട്ടിൽത്തന്നെ കഴിയുന്നതിനാൽ വിയർപ്പും അസ്വസ്ഥതയും വേറെ. ബാർബർ ഷോപ്പ് ഇല്ലാത്തതിനാൽ പലരും തല മൊട്ടയടിക്കുകയാണ് ഇപ്പോൾ.
പരീക്ഷ കഴിഞ്ഞു മുടി വെട്ടാനിരുന്നവരെയും കോവിഡ് ചതിച്ചു. വെറൈറ്റി ഫാഷൻ പരീക്ഷിക്കുന്ന പെണ്‍കുട്ടികളെയും ലോക്ക്ഡ് ഡൗണ്‍ ചതിച്ചു.
ലോക്ഡൗണ്‍ 14-ന് അവസാനിക്കുമോ എന്നും ഉറപ്പില്ല. ഈ സാഹചര്യത്തിൽ അടിയന്തരമായി ബാർബർ ഷാപ്പുകൾക്കു ചിലദിവസങ്ങളിൽ പ്രവർത്തനാനുമതി നൽകണമെന്ന ആവശ്യവും ശക്തമാണ്.
മുടി നീണ്ടാൽ ജലദോഷം വരുമെന്നു പഴമൊഴിയുണ്ടെങ്കിലും ആശങ്കവേണ്ടെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്.