ഹനൊയ്: മാർഗോ റോബി – റയൻ ഗോസ്ലിംഗ് ടീമിന്റെ ബിഗ്ബജറ്റ് ഹോളിവുഡ് ചിത്രം “ബാർബി’ രാജ്യത്ത് പ്രദർശിപ്പിക്കുന്നത് വിലക്കി വിയറ്റ്നാം സർക്കാർ.
വിയറ്റ്നാം അടക്കമുള്ള ദക്ഷിണ ചൈന കടലിലെ ദ്വീപ് രാഷ്ട്രങ്ങളെ ചൈനീസ് അതിർത്തിക്കുള്ളിലെ പ്രദേശങ്ങളായി ചിത്രീകരിക്കുന്ന ഭൂപടം ചിത്രത്തിൽ ഉൾപ്പെടുത്തിയതിനാലാണ് “ബാർബി’യുടെ വരവ് മുടങ്ങിയത്.
ചിത്രത്തിന്റെ പ്രദർശനം അനുവദിക്കില്ലെന്ന് രാജ്യത്തെ ചലച്ചിത്ര വിതരണക്കാർക്ക് സർക്കാർ അറിയിപ്പ് നൽകി. ഇതോടെ രാജ്യത്ത് പതിപ്പിച്ചിരുന്ന “ബാർബി’ പോസ്റ്ററുകളും പ്രചാരണ സാമഗ്രികളും വിതരണക്കാർ അഴിച്ചുനീക്കി.
ഹോംഗ് കോംഗ്, വിയറ്റ്നാം, മലേഷ്യ, ഫിലിപ്പീൻസ് അടക്കമുള്ള രാജ്യങ്ങൾ തങ്ങളുടെ നിയന്ത്രണത്തിലാണെന്ന് കാട്ടാനായി ചൈന ഉപയോഗിക്കുന്ന “നയൻ ഡാഷ് ലൈൻ’ എന്ന ഭൂപടമാണ് വിവാദത്തിന് കാരണം. ഈ ഭൂപടം തങ്ങളുടെ പരമാധികാരത്തിന് എതിരാണെന്ന് നിരവധി ദക്ഷിണേഷ്യൻ രാജ്യങ്ങൾ നേരത്തെത്തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം ഭൂപടങ്ങൾ നിർബന്ധമായും ഉപയോഗിക്കണമെന്നാണ് ചൈനയുടെ നിലപാട്. ഇത് മൂലം രാജ്യാന്തര തലത്തിൽ പലതവണ നിരവധി രാജ്യങ്ങൾ ചൈനയുമായി ഉടക്കിയിട്ടുണ്ട്.
ചൈനയുടെ നിർബന്ധത്തിന് വഴങ്ങി ഇത്തരം ഭൂപടങ്ങൾ ഉപയോഗിച്ച “അബോമിനബിൾ’ അടക്കമുള്ള ചിത്രങ്ങളുടെ പ്രദർശനം വിയറ്റ്നാം നേരത്തെ തടഞ്ഞിരുന്നു.
ലോകപ്രശസ്തമായ ബാർബി പാവയുടെയും കാമുക കഥാപാത്രമായ കെൻ എന്ന സുന്ദരന്റെയും കഥ പറയുന്ന മ്യൂസിക്കൽ ഡ്രാമ ചിത്രമാണ് ഗ്രെറ്റ് ഗെർവിംഗ് സംവിധാനം ചെയ്യുന്ന “ബാർബി’.
ജൂലൈ 21-ന് പുറത്തിറങ്ങുന്ന ചിത്രം ആഗോളവ്യാപകമായി ബ്ലോക്ക്ബസ്റ്റർ ആകുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പ്രവചിക്കുന്നത്.