പ്രേം ടി. നാഥ്
മലയാളത്തിലെ ദൃശ്യമാധ്യമരംഗത്തു വാര്‍ത്താ ചാനലുകളില്‍ ജനം ടിവി നേടിയ വന്‍ വ്യൂഷിപ്പ് മുന്നേറ്റം മറ്റു ചാനലുകളെ ഞെട്ടിച്ചിരിക്കുകയാണ്. ഈ രംഗത്തെ ആധികാരികമായ ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസേര്‍ച്ച് കൗണ്‍സില്‍ ഇന്‍ഡ്യ (ബാര്‍ക്ക്) പുറത്തു വിട്ട വീക്ക് 45 റിപ്പോര്‍ട്ടിലാണ് ജനം ടിവിയുടെ പ്രേക്ഷക കുതിപ്പ് പ്രകടമാകുന്നത്.
നവംബര്‍ 3 മുതല്‍ 9 വരെയുള്ള വാര്‍ത്താ ചാനലുകളുടെ കാഴ്ചകളിലാണ് മലയാളം ചാനലുകളില്‍ രണ്ടാം സ്ഥാനം ജനം ടിവി നേടിയെടുക്കുന്നത്. തൊട്ടുമുന്നിലെ ആഴ്ച വരെ രണ്ടാംസ്ഥാനത്തായ ശേഷം വീണ്ടും മൂന്നാം സ്ഥാനത്തേക്ക് ആര്‍എസ്എസ് ചാനല്‍ പോയിരുന്നു. പിന്നീട് വീണ്ടും വന്‍കുതിപ്പാണ് ജനം നേടിയത്. ഇത് ജനം ടിവിയുടെ ചരിത്ര വിജയം കൂടിയാണ്.
ഏഷ്യാനെറ്റ് ന്യൂസ് അതിന്റെ ഒന്നാം സ്ഥാനം നിലനിര്‍ത്തുമ്പോള്‍ പോലും അവരെ ഞെട്ടിക്കാന്‍ ജനത്തിനായി. 148.65 ആണ് ഏഷ്യാനെറ്റിന്റെ റേറ്റിംഗ്. അടുത്തകാലത്തൊന്നും മറ്റൊരു ചാനലും ഏഷ്യാനെറ്റിന്റെ അടുത്തു പോലും എത്തിയിരുന്നില്ല. എന്നാല്‍ 131.71 റേറ്റിംഗാണ് ഈ ആഴ്ച ജനം നേടിയെടുത്തത്. മനോരമ ന്യൂസ് (82.16), മാതൃഭൂമി ന്യൂസ് (79.24) എന്നിവര്‍ വളരെയേറെ പിന്നിലാണ്. സിപിഎമ്മിന്റെ പാര്‍ട്ടി ചാനലായ കൈരളി പീപ്പിള്‍ ചിത്രത്തിലേ ഇല്ലാത്ത അവസ്ഥയാണ്.
രണ്ടാം സ്ഥാനം എന്നു നിലനിര്‍ത്തിയിരുന്ന മനോരമ ന്യൂസ് മൂന്നാം സ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു എന്നതാണ് ശ്രദ്ധേയം. മീഡിയ വണ്ണും ന്യൂസ് 18 കേരളയും വീണ്ടും പിന്നിലേക്കു പോയി. എന്നും ആവറേജ് പ്രേക്ഷകരെ നിലനിര്‍ത്തിയിരുന്ന പീപ്പിള്‍ ടിവി ബഹുദൂരം പിന്നിലേക്കു തള്ളപ്പെട്ടു. വാര്‍ത്താ വിഭാഗത്തിന്റെ അവതരണത്തിലും റിപ്പോര്‍ട്ടിംഗിന്റെ കഴിവുകേടും തന്നെയാണ് ഇതു സൃഷ്ടിച്ചതെന്നു പറയാതെ വയ്യ.
ജനം ടിവി സംപ്രേഷണം തുടങ്ങിയിട്ടു മൂന്നു വര്‍ഷം പിന്നിടുമ്പോള്‍ ഈ ഒക്ടോബര്‍ വരെ ഈ ചാനലിനു വാര്‍ത്തകളിലൂടെ പ്രേക്ഷകരില്‍ ഒരു സ്വാധീനവും ചെലുത്താന്‍ കഴിഞ്ഞിരുന്നില്ല. ബാര്‍ക്കിന്റെ മാര്‍ക്കിംഗില്‍ എവിടെയും സ്ഥാനം നേടാനാവാത്ത ചാനലാണ് ഇപ്പോള്‍ അത്ഭുതകരമായ വിജയം നേടിയിരിക്കുന്നത്. സമകാലിക ശബരിമല വിവാദ പ്രവേശനത്തിലെ നിലപാടുകളും വാര്‍ത്തകളിലെ പ്രേക്ഷക സ്വാധീനവുമാണ് ചാനലിനു തുണയായി മാറിയത്.
സെപ്റ്റംബര്‍ 28-നാണ് ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി വിധി വരുന്നത്. തുടര്‍ന്നു നമ്മുടെ എല്ലാ വാര്‍ത്താ മാധ്യമങ്ങളിലും ഈ വിഷയം ചൂടുപിടിക്കുന്ന ചര്‍ച്ചയായി.എന്നാല്‍ തുലാവര്‍ഷ പൂജയ്ക്കു ശബരിമല നടതുറക്കുന്നതോടെയാണ് കാര്യങ്ങള്‍ മാറിമറിയുന്നത്. പൊതുവേ വാര്‍ത്ത ചാനലുകളെല്ലാം എടുത്ത നിലപാടുകളില്‍ നിന്നും വ്യത്യസ്തമായി ഒരു പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്തുണയുള്ള ജനം ടിവി മാറി ചിന്തിക്കുകയാണ് ചെയ്തത്.
സമരങ്ങളും പ്രതിഷേധങ്ങളും ഒപ്പം ഭക്തരുടെ വിശ്വാസങ്ങളുടെ നിലപാടിനും അനുസരിച്ച് വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് ചാനല്‍ ശ്രദ്ധ നേടിത്തുടങ്ങുന്നത്. ഇവിടെ ഈ വിഷയം കൈകാര്യം ചെയ്ത രീതിയെ വലിയ തോതിലുള്ള വിമര്‍ശനവും ജനം ടിവിക്കു നേരിടേണ്ടി വന്നു.
ബാര്‍ക്ക് ഒക്ടോബര്‍ മാസത്തെ റിപ്പോട്ട് പ്രകാരം പ്രേക്ഷകര്‍ ജനം ടിവിയോട് അടുക്കുന്നതിന്റെ പ്രകടമായ സൂചന തന്നിരുന്നു. ഒക്ടോബര്‍ രണ്ടാം വാരത്തില്‍ ജനം ടിവി നാലാം സ്ഥാനത്ത് എത്തിയിരുന്നെങ്കിലും 20 മുതല്‍ 26വരെയുള്ള റിപ്പോര്‍ട്ടിംഗിലാണ് നിര്‍ണായകമായ മുന്നേറ്റം പ്രകടമായത്. ഈ ദിവസങ്ങളില്‍ 180.24 മായി ജി.ഡി.പി നേടി ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം തുടരുമ്പോള്‍ 102.24 ജനം ടിവിക്കു നേടാന്‍ കഴിഞ്ഞത് അത്ഭുതകരമായാണ് മറ്റു ചാനലുകള്‍ നോക്കിക്കാണുന്നത്. ഇപ്പോള്‍ മലയാളത്തിലെ ചില ചാനലുകള്‍ ശബരിമല വിഷയത്തില്‍ നിലപാടു മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നാണ് അറിയുവാന്‍ കഴിയുന്നത്.
ജനം ടിവി ഇനി മറ്റ് ബ്രോഡ്കാസ്റ്റിംഗിലും സംപ്രേഷണത്തിനെത്തുമ്പോള് വ്യൂവര്‍ഷിപ്പിന്റെ ആക്കം കൂടുമെന്നു കരുതുന്നു. ചാനലുകളുടെ പ്രൈം ടൈം അടക്കമുള്ള പരിപാടികളിലെ പരസ്യ വരുമാനത്തിന്റെ റേറ്റ് നിര്‍ണയിക്കുന്നത് ചാനല്‍ നേടുന്ന റേറ്റിംഗിന്റെ പിന്‍ബലത്തിലാണ്.
ദേശീയ ചാനലുകള്‍ സമീപകാലത്ത് ഏറ്റവും കൂടുതല്‍ കേരള വാര്‍ത്തകളിലേക്കു കേന്ദ്രീകരിക്കുന്ന നിലപാടും ഇപ്പോള്‍ കാണാം. വാര്‍ത്തകളോടുള്ള മലയാളി സമൂഹത്തിന്റെ സമീപനം തന്നെയാണ് ഇതിനു കാരണം. ശബരിമല ക്ഷേത്ര വിഷയവുമായി നമ്മുടെ ദേശീയ മാധ്യമങ്ങളെല്ലാ തുടര്‍ച്ചയായി ക്യാമ്പ് ചെയ്താണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ അവര്‍ നേടിയ മാര്‍ക്കറ്റ് വിജയം തന്നെയാണ് ഇപ്പോള്‍ ഏഷ്യാനെറ്റ് കേബിള്‍ നെറ്റ്വര്ക്കില് ഓപ്പണിംഗ് ചാനലുകളായി ജി.എന്‍.എന്‍.ന്യൂസും ഇന്‍ഡ്യാ ടുഡേയും എന്‍.ഡി.ടിവിയും മിറര്‍ നൗവും സി.എന്‍.പി.സിയും ബി.ബി.സിയും സ്ഥാനം നേടുന്നത്.
ദേശീയ ചാനലുകള്‍ക്കു ശബരിമല വിഷയത്തിനൊപ്പം തന്നെ അഞ്ചു സംസ്ഥാനങ്ങളില്‍ നടക്കാന്‍ പോകുന്ന ഇലക്ഷനും നിര്‍ണായ ഘടകം തന്നെയാണ്. കേരളത്തില്‍ പൊതുവേ ദേശീയ ചാനലുകളില്‍ പ്രേക്ഷകര്‍ കാണുന്നത് പൊളിറ്റിക്കല്‍ ന്യൂസാണ്. ആ മാര്‍ക്കറ്റ് കണ്ടുകൊണ്ടാണ് ഇപ്പോള്‍ പത്തോളം ദേശീയ ചാനലുകള്‍ കേരളത്തില്‍ കേബില്‍ വിഷന്‍ ഓപ്പണിംഗ് ചാനലുകളായി മാറിക്കഴിഞ്ഞത്. കേരളത്തിലെ വാര്‍ത്താ ചാനലുകള്‍ വന്‍ കുതിച്ചു കയറ്റം നടത്തുന്ന ട്രെന്‍ഡ് പോയ വര്‍ഷമാണ് തുടങ്ങിയത്. മറ്റു ചാനലുകളില്‍ പ്രോഗ്രാം തകര്‍ച്ചകൂടി വന്നപ്പോള്‍ വാര്‍ത്താ ചാനലുകള്‍ക്കു ആധിപത്യം സ്ഥാപിക്കാന്‍ കഴിഞ്ഞു.
ഇങ്ങനെയാമെങ്കിലും മലയാളത്തിലെ മാധ്യമ രംഗത്തെ മുഖ്യ വാര്‍ത്താ ചാനലുകള്‍ കടുത്ത പ്രതിസന്ധി നേരിടുന്നതാണ് മറ്റൊരു സത്യം. ഇവിടെ ചാനലുകള്‍ സ്വയം വിലയിരുത്തല്‍ നടത്തേണ്ട കാലമായിരിക്കുന്നു. ‘വികാര’-ത്തിന്റെ ഭാഗമായി അപ്രതീക്ഷിതമായാണ് ചില ചാനലുകള്‍ താല്കാലിക വിജയങ്ങള്‍ നേടുന്നത്. ഈ കാഴ്ച സോഷ്യല്‍ മീഡിയയിലും കാണുന്നതാണ് മറ്റൊരു വസ്തുത. ശബരിമല വിഷയത്തിലെ വളക്കൂറു മനസിലാക്കി ചില ഓണ്‍ലൈന്‍ സൈറ്റുകളും തിളങ്ങിയെന്നതു പറയാതെ വയ്യ. ഇത് എത്രത്തോളം ശാശ്വതമെന്ന ചോദ്യം ഉയരുകയാണ് ഇപ്പോള്‍.