സ്വന്തം ലേഖകൻ
തൃശൂർ: ബാറുകൾ തുറന്നു കോവിഡിന്റെ അടച്ചിടൽ ക്ഷീണം മാറുന്നതിനുമുന്പേ എക്സൈസുകാർ മാസപ്പടി ലിസ്റ്റുമായി എത്തിത്തുടങ്ങിയെന്നു ബാറുടമകൾ.
സംസ്ഥാനത്തു തൃശൂർ ജില്ലയിലാണ് എക്സൈസുകാർ മാസപ്പടി വാങ്ങലിനു തുടക്കം കുറിച്ചിരിക്കുന്നത്.
വരുമാനം കുത്തനെ ഇടിഞ്ഞ സാഹചര്യത്തിൽ മാസപ്പടി കുറയ്ക്കണമെന്ന ബാറുടമകളുടെ അഭ്യർഥനയ്ക്കുപോലും ചെവികൊടുക്കാതെയാണ് എക്സൈസുകാരുടെ ഭീഷണിയെന്നാണ് ആരോപണം.
എക്സൈസുകാർക്കെതിരെ പരസ്യമായി ബാറുടമകൾ രംഗത്തുവരില്ലെന്ന ധൈര്യത്തിലാണ് നേരിട്ടു ബാറിലെത്തി മാസപ്പടിഭീഷണി മുഴക്കുന്നത്.
മാസം 25,000 രൂപ വരെ മാസപ്പടി നൽകേണ്ട ഗതികേടിലാണ് തങ്ങളെന്നു പല ബാറുടമകളും സമ്മതിക്കുന്നു. ഇല്ലെങ്കിൽ അന്പതിനായിരം രൂപവരെ പിഴയീടാക്കുമെന്ന ഭീഷണിയുമുണ്ട്.
കൂടാതെ, ഇപ്പോൾ സമയത്ത് അടയ്ക്കണമെന്ന നിബന്ധനയുള്ളതിനാൽ മാസപ്പടി നൽകാത്ത ബാറുകളെ പ്രത്യേകം നിരീക്ഷിച്ച് കേസെടുത്തു വൻതുക പിഴയീടാക്കൽ പദ്ധതിയും നടപ്പാക്കുന്നുണ്ട്.
സാധാരണ ഓണം, വിഷു, ക്രിസ്മസ് തുടങ്ങി പ്രത്യേക സന്ദർഭങ്ങളിൽ മാത്രമായിരുന്നു പിരിവ്. കഴിഞ്ഞ ഓണത്തിനു ബാറുടമകളിൽനിന്ന് ഇങ്ങനെ പടി വാങ്ങിയിരുന്നു.
പക്ഷേ ഇപ്പോൾ പഴയപോലെ സ്ഥിരംമാസപ്പടിക്കാണ് നീക്കം. ബാറുകളിൽ കച്ചവടം കുറഞ്ഞതിനാൽ ബാറുടമകളുടെ കൂട്ടായ്മയിൽപെട്ടവർ ഉന്നതതലങ്ങളിൽ രഹസ്യമായി വിവരം ധരിപ്പിച്ചിട്ടുണ്ടെങ്കിലും ഒരു നടപടിയുമുണ്ടായിട്ടില്ല.
കിട്ടുന്ന മാസപ്പടിയിൽനിന്നു പാർട്ടിക്കും സംഘടനകൾക്കുമൊക്കെ നൽകണമെന്നതിനാൽ ഒഴിവാക്കാനും, തുക കുറയ്ക്കാനും പറ്റില്ലെന്ന മറുപടിയാണ് എക്സൈസുകാർ നൽകുന്നത്.
പല ബാറുടമകളും എക്സൈസ് ഓഫീസിലെത്തിയാണ് തുക കൈമാറുന്നതെന്നും പറയുന്നു.
ആർക്കൊക്കെ എത്ര വീതമെന്നു കൃത്യമായി പറയുന്നുമുണ്ട്. സിഐയ്ക്കു നാലായിരം, ഓഫീസ് സ്റ്റാഫിനു നാലായിരം, റേഞ്ച് ഇൻസ്പെക്ടർ 2500, ഇവിടത്തെ ഓഫീസ് സ്റ്റാഫിന് അയ്യായിരം എന്നിങ്ങനെയാണ് ലിസ്റ്റ്.
ഓണം, ക്രിസ്മസ്, വിഷു വിശേഷദിവസങ്ങളിൽ സർക്കിൾ ഓഫീസ് 15,000, റേഞ്ച് ഓഫീസ് പതിനായിരം, ജില്ലാ ഓഫീസ് 20,000 എന്നിങ്ങനെയാണത്രെ കണക്ക്.
കണക്കു തെറ്റിയാൽ പിഴയുടെ തുകയും കൂടും. കോവിഡ് കാലമായതിനാൽ ഇഷ്ടംപോലെ വകുപ്പുകളാണ് പൂട്ടിക്കാൻ.
അടയ്ക്കുന്ന സമയം തെറ്റിയാൽവരെ വൻതുക പിഴയീടാക്കാം. സാന്പിൾ ശേഖരിക്കുന്നതിലാണ് വലിയ ഭീഷണി ഒളിച്ചിരിക്കുന്നത്.
ഇതിനെല്ലാം പുറമേ മദ്യം കെഎസ്ബിസിയിൽനിന്നു കൊണ്ടുവരാൻ പെർമിറ്റ് നൽകണമെങ്കിൽ 200 രൂപ നൽകണം. സൗജന്യമായി നൽകുന്ന ഓണ്ലൈൻ സംവിധാനത്തിനാണ് അതാതു റേഞ്ച് ഓഫീസിലെത്തി 200 രൂപ നൽകേണ്ടത്.
ഒരു ബാറിനു മാസം പത്തു പെർമിറ്റെങ്കിലും ഉണ്ടാകും. അതോടെ രണ്ടായിരം രൂപ ഒരു ബാറിൽനിന്ന് എക്സൈസിനു ലഭിക്കും. ഇതു സർക്കാരിലേക്ക് അടയ്ക്കാറില്ല.
നിഷേധിച്ച് എക്സൈസ്
ബാറുടമകളുടെ ആരോപണം ശരിയല്ലെന്നാണ് എക്സൈസ് ഉദ്യോഗസ്ഥരുടെ വിശദീകരണം. തങ്ങൾ ആരോടും മാസപ്പടി നല്കാൻ ആവശ്യപ്പെടാറില്ല.
ബാറുകളിൽ നടക്കുന്ന പല കാര്യങ്ങളും മറച്ചുവയ്ക്കാനാണ് ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.