കൊച്ചി: സംസ്ഥാനത്തെ വിവിധ ബാറുകളിൽ മദ്യത്തിന് അമിതവില ഈടാക്കുന്നതിനെതിരേ വ്യാപക പരാതി.
പ്രിന്റഡ് വിലയിൽ വില്‍ക്കണമെന്ന സർക്കാർ നിർദേശം കാറ്റിൽ പറത്തി ബിവറേജസ് ഔട്ട്ലെറ്റുകളിൽ വിൽക്കുന്നതിനെക്കാൾ 50 മുതൽ നൂറുവരെ രൂപ അധികമായി ഈടാക്കിയാണ് ഭൂരിഭാഗം ബാറുകളിലും വിൽപന.
ബില്ല് നല്‍കാതെയാണ് ഈ പകൽക്കൊള്ളയെന്നും പരാതിയുണ്ട്.
അമിതവില ഈടാക്കിയതിനെതിരേ എറണാകുളം, കോട്ടയം ജില്ലകളിൽ മൂന്നു വീതം ബാറുകൾക്കെതിരേ എക്സൈസ് വകുപ്പ് കഴിഞ്ഞ ദിവസങ്ങളിൽ നടപടി സ്വീകരിച്ചു.
50,000 രൂപ വീതമാണ് പിഴയിട്ടത്. വൈകിട്ട് ഏഴു കഴിഞ്ഞാൽ മദ്യം വിൽക്കരുതെന്ന നിർദേശം ലംഘിക്കുന്ന ബാറുകൾക്കെതിരേയും നടപടിയെടുക്കുന്നുണ്ട്.
പരാതി പലരും ഫോണിൽ വിളിച്ചു പറയുന്നുണ്ടെങ്കിലും എഴുതിത്തരാൻ തയാറാകുന്നില്ലെന്ന് എറണാകുളം ജില്ലാ എക്സൈസ് കമ്മീഷണർ പറഞ്ഞു. പരിശോധനാ വിവരങ്ങൾ ചോരുന്നതും ബുദ്ധിമുട്ടുണ്ടാക്കുന്നു.
അതേസമയം, എംആർപിയെക്കാൾ ഉയർന്ന നിരക്കിലാണ് തങ്ങൾക്ക് മദ്യം ലഭിക്കുന്നതെന്നും അതിനാൽതന്നെ പ്രിന്റഡ് നിരക്കിൽ വില്ക്കാൻ കഴിയില്ലെന്നുമാണ് ബാറുടമകൾ പറയുന്നത്.
ജില്ലയിലെ 90 ശതമാനം ബാറുകളും പത്തു ശതമാനം നിരക്ക് കൂട്ടിയാണ് വില്‍ക്കുന്നതെന്നും നടപടിയുമായി മുന്നോട്ടുപോയാൽ വില്പന നിർത്തിവയ്ക്കാൻ നിർബന്ധിതരാകുമെന്നും ബാർ അസോസിയേഷൻ എറണാകുളം ജില്ലാ പ്രസിഡന്റ് ഡേവിസ് പാത്താടൻ പറഞ്ഞു.