മുംബൈ: ടൗട്ടെ ചുഴലിക്കാറ്റിൽപ്പെട്ട് മുംബൈയ്ക്കു സമീപം ബാർജ് കടലിൽ മുങ്ങിയതിനു പിന്നിൽ ക്യാപ്റ്റന്റെ അശ്രദ്ധയെന്നു സംശയം. ക്യാപ്റ്റന്‍ എതിരേ എഫ്ഐആർ രേഖപ്പെടുത്തി മുംബൈ പോലീസ് കേസെടുത്തു.അശ്രദ്ധമൂലമുള്ള മരണം എന്ന കുറ്റമാണ് എഫ്ഐആറിൽ ചുമത്തിയിരിക്കുന്നത്.
കാലാവസ്ഥാ മുന്നറിയിപ്പുകൾ ക്യാപ്റ്റൻ അവഗണിച്ചതായും ചുഴലിക്കാറ്റിന്റെ പാതിയിൽ പോകുന്നത് ശ്രദ്ധയിൽപ്പെടുത്തിയിട്ടും പിന്തിരിയാഞ്ഞുവെന്നും അപകടത്തിൽനിന്നു രക്ഷപ്പെട്ട ബാർജിന്റെ ചീഫ് എൻജിനീയർ പറഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് ക്യാപ്റ്റനെതിരേ പോലീസ് എഫ്ഐആർ രേഖപ്പെടുത്തിയിരിക്കുന്നത്. ഇദ്ദേഹത്തെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ലെന്ന് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു.
ചുഴലിക്കാറ്റിൽപ്പെട്ട് ബാർജ് മുങ്ങുന്പോൾ മുംബൈയിൽനിന്ന് 35 നോട്ടിക്കൽ മൈൽ അകലെയായിരുന്നു. 261 ജീവനക്കാരാണ് ഇതിലുണ്ടായിരുന്നത്.
വിവിധ വിഭാഗങ്ങൾ ഒരുമിച്ചു നടത്തിയ രക്ഷാ പ്രവർത്തനത്തിൽ ഇതുവരെ 49 മൃതദേഹങ്ങൾ കണ്ടെത്തി. 26 പേരെ ഇനിയും കണ്ടെത്തിയിട്ടില്ല. മരിച്ചവരിലും കണ്ടെത്താനുള്ളവരിലും മലയാളികളുണ്ട്.
അപകട സാധ്യത ചൂണ്ടിക്കാട്ടിയിട്ടും ക്യാപ്റ്റൻ ചെവികൊടുക്കാത്തത് രക്ഷപ്പെട്ട ജീവനക്കാർ വെളിപ്പെടുത്തിയിരുന്നു. മരിച്ച തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ സേഫ്റ്റി ഓഫീസർ അർജുനും ക്യാപ്റ്റനുമായി ഇതേച്ചൊല്ലി വാക്കേറ്റമുണ്ടായെന്ന് രക്ഷപ്പെട്ട അർജുന്റെ സഹപ്രവർത്തർ പറഞ്ഞിരുന്നു.
ഇതിന്റെ വീഡിയോ ദൃശ്യങ്ങളും അവർ അർജുന്റെ ബന്ധുക്കൾക്കു കൈമാറിയിരുന്നു.ചീഫ് എൻജിനീയർ റഹ്മാൻ ഷേഖ് ഒരു ദിവസം മുഴുവനായി കടലിൽ കിടന്നശേഷമാണ് രക്ഷപ്പെട്ടത്.
ഇതിനു പിന്നാലെയാണ് അദ്ദേഹം ക്യാപ്റ്റനെതിരേ ആരോപണവുമായി രംഗത്തുവന്നത്. ടൗട്ടെയുടെ പാതയിൽനിന്ന് ബാർജ് നീക്കാൻ അദ്ദേഹം ശ്രമിച്ചില്ലെന്നാണ് പ്രധാന ആരോപണം.
മുംബൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലാണ് റഹ്മാൻ ഷേഖ് ഇപ്പോൾ. ബാർജിൽ തുളകൾ ഉണ്ടായിരുന്നതായും സൂചനയുണ്ട്.
ഒഎൻജിസിയുമായി കരാറുള്ള അഫ്കോണ്‍ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ മൂന്നു ബാർജുകളാണ് കടലിൽ ഉണ്ടായിരുന്നത്. ചുഴലിക്കാറ്റ് മുന്നറിയിപ്പു ലഭിച്ചതോടെ തീരത്തേക്ക് മടങ്ങാൻ എല്ലാ ക്യാപ്റ്റൻമാരോടും ആവശ്യപ്പെട്ടു.
മറ്റു രണ്ടു ബാർജുകളും മടക്കം ആരംഭിച്ചെങ്കിലും അപകടത്തിൽപ്പെട്ട പി-305 ബാർജിനെ റിഗ്ഗിനു സമീപത്തുനിന്ന് 200 മീറ്റർ മാത്രം മാറ്റാനാണ് ക്യാപ്റ്റൻ തീരുമാനിച്ചത്. ബാർജിന്റെ പൂർണ ഉത്തരവാദിത്തം ക്യാപ്റ്റനാണെന്ന് അഫ്കോണ്‍ കന്പനി പ്രസ്താവനയിൽ പറഞ്ഞു.