മുംബൈ: ചുഴലിക്കാറ്റിൽ പെട്ട് ബാർജ് മുങ്ങിയുണ്ടായ അപകടത്തിനൊപ്പം മുങ്ങിയ ടഗ് ബോട്ട് കണ്ടെത്താൻ നാവികസേനയുടെ കഠിനശ്രമം. ടഗ് ബോട്ടായ വരപ്രദയിൽ ഉണ്ടായിരുന്ന 11 പേരെയും കണ്ടെത്താനുണ്ട്. ഇതിനായി റഡാറുകൾ ഉപയോഗിച്ച് തെരച്ചിൽ നടത്താനാണ് ശ്രമിക്കുന്നത്.
ബാർജ് ദുരന്തത്തിൽ കാണാതായവർക്കുള്ള തെരച്ചിലും തുടരുകയാണ്. കടലിനടിയിൽ കണ്ടെത്തിയ ബാർജിൽ ഇന്നലെ മുങ്ങൽ വിദഗ്ധർ പരിശോധന നടത്തിയെങ്കിലും ആരെയും കണ്ടെത്തിയില്ല.
ഇതുവരെ 70 മൃതദേഹങ്ങളാണ് വീണ്ടെടുത്തത്. ഇതിൽ ഏഴുപേർ മലയാളികളാണ്. 186 പേരെയാണ് ഇതുവരെ നാവികസേന രക്ഷപ്പെടുത്തിയത്. ഇനി കണ്ടെത്താനുള്ള അഞ്ചുപേരിൽ മൂന്നുപേർ മലയാളികളാണ്.
എന്താണ് ടഗ് ബോട്ട്?
വലിയ കപ്പലുകൾ, ബാർജുകൾ തുടങ്ങിയവയ്ക്ക് വഴികാട്ടിയായും സഹായിയായും പ്രവർത്തിക്കുന്ന പ്രത്യേക ബോട്ടുകളാണ് ടഗ് ബോട്ടുകൾ. തീരത്തേക്ക് വരാനും പോകാനും ടഗ് ബോട്ടുകൾ സഹായിക്കും.
വലിയ യാനങ്ങളെ തള്ളിയും വലിച്ചുമാണ് ടഗ് ബോട്ടുകൾ നീക്കുക.താരതമ്യേന വലിയ എൻജിൻ ശേഷിയാണ് ഇവയ്ക്കുണ്ടാകുക. പ്രത്യേക പരിശീലനം നേടിയവരാണ് ഇവയിൽ പ്രവർത്തിക്കുക.
ബാര്‍ജ് ദുരന്തം; ആന്റണി എഡ്വിന്റെ വീട് മന്ത്രിമാര്‍ സന്ദര്‍ശിച്ചു
കൊല്ലം മുംബൈയില്‍ ടൗട്ടോ ചുഴലിക്കാറ്റില്പ്പെട്ടുണ്ടായ ബാര്‍ജ് ദുരന്തത്തില്‍ മരിച്ച കൊല്ലം ശക്തികുളങ്ങര പുത്തന്‍ തുരുത്ത് സ്വദേശി ആന്റണി എഡ്വിന്റെ വീട്ടിലെത്തി മന്ത്രിമാരായ കെ. എൻ. ബാലഗോപാലും സജി ചെറിയാനും കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.
എഡ്വിനൊപ്പം മരണമടഞ്ഞ വയനാട് വടുവാഞ്ചല്‍ സ്വദേശി സുമേഷ്, വടക്കാഞ്ചേരി പുതുതുരുത്തി നെയ്യന്പടി സ്വദേശി അര്ജുന് എന്നിവരുടെ വിയോഗത്തിലും അനുശോചനമറിയിച്ചു.