കൊച്ചി: അന്പലപ്പുഴ നീർക്കുന്നം കടൽത്തീരത്തടിഞ്ഞ അബുദാബി അൽഫത്താൻ ഡോക്കിന്റെ ബാർജിലുണ്ടായിരുന്ന രണ്ടു ജീവനക്കാരെ നാവികസേന രക്ഷപ്പെടുത്തി കൊച്ചിയിലെത്തിച്ചു. ഇന്നു രാവിലെ നാവികസേന ഹെലിക്കോപ്റ്ററിന്റെ സഹായത്തോടെ നടത്തിയ രക്ഷാപ്രവർത്തനത്തിലൂടെയാണ് ഇന്തോനേഷ്യക്കാരായ രണ്ടു ജീവനക്കാരെ രക്ഷിച്ചത്.
കാലാവസ്ഥ മോശമായിരുന്നതിനാൽ വളരെ പണിപ്പെട്ടാണു ഇരുവരെയും പുറത്തെത്തിച്ചതെന്നും കോസ്റ്റ് ഗാർഡിന്റെയും നാവികസേനയുടെയും സംയുക്ത രക്ഷാപ്രവർത്തനമാണു നടന്നതെന്നും നാവികസേന അധികൃതർ വ്യക്തമാക്കി. കൊച്ചിയിലെത്തിച്ച ഇരുവരെയും കോസ്റ്റൽ പോലീസു കൈമാറി. തുടർ നടപടികൾ കോസ്റ്റൽ പോലീസാകും സ്വീകരിക്കുക.
മൂന്നു ദിവസമായി പുറംകടലിൽ അലഞ്ഞ അബുദാബി അൽഫത്താൻ ഡോക്കിന്റെ ബാർജ് ഇന്നലെ രാവിലെ എട്ടോടെയാണു നീർക്കുന്നം തീരത്തടിഞ്ഞത്. ഇന്തോനേഷ്യയിൽനിന്നു 180 മീറ്റർ നീളമുള്ള കപ്പലും ഫൈബർ ബോട്ടും കയറ്റിവന്നതായിരുന്നു ബാർജ്. ഇറാനിൽനിന്ന് ഇന്തോനേഷ്യയിലെത്തിയ കപ്പൽ അബുദാബിയിലേക്കുള്ള വഴിമധ്യേ വടംപൊട്ടി കപ്പലും ബാർജും വേർപെടുകയായിരുന്നു.