ഒരൊറ്റ വീഡിയോ കൊണ്ട് ജീവിതം മാറിമറിഞ്ഞവരാണ് ബാബാ കാ ദാബ എന്ന പേരിൽ ചായക്കട നടത്തിവന്ന കാന്താപ്രസാദും ഭാര്യയും. യൂട്യൂബർ ഗൗരവ് വാസനാണ് ഇവരുെ ദുരിതകഥ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്.
ദിവസവും രാവിലെ ആറരയ്ക്കു ഇവർ കട തുറക്കും. മുപ്പതും അമ്പതും രൂപയ്ക്ക് ദാലും ചോറും പൊറോട്ടയുമൊക്കെ ഇവിടെ കിട്ടും.
എന്നാൽ ലോക്ക് ഡൗൺ സമയത്ത് ദിവസം 10 രൂപയുടെ കച്ചവടം പോലുമില്ലെന്നുള്ള കാന്താപ്രസാദിന്റെ കണ്ണീരോടെയുള്ള വീഡിയോ വൈറലായി.ക്രിക്കറ്റ്താരം ആര് അശ്വിന്, ബോളിവുഡ് താരങ്ങളായ സോനം കപൂര്‍, രവീണ ടണ്ഠന്, സുനില്‍ ഷെട്ടി തുടങ്ങിയവരും കാന്താപ്രസാദിന്റെ വീഡിയോ പങ്കുവച്ചിരുന്നു.
ഇതോടെ നാനാഭാഗത്തു നിന്നും കാന്താപ്രസാദിനെ തേടി സഹായഹസ്തങ്ങൾ എത്തുകയും ചെയ്തിരുന്നു. ഇപ്പോഴിതാ കാന്താപ്രസാദ് പുതിയ റസ്റ്ററന്റ് തുടങ്ങിയിരിക്കുകയാണ്.
സൗത്ത് ഡൽഹിയിലാണ് പുതിയ സംരംഭം. ബാബാ കാ ദാബ എന്നാണ് പുതിയ റസ്റ്ററന്റിന്റെയും പേര്. ചൈനീസ് വിഭവങ്ങളടക്കം പുതിയ റസ്റ്ററന്റിൽ ഒരുക്കിയിട്ടുണ്ട്.
തന്റെ പഴയ കട നിർത്തില്ലെന്നാണ് പ്രസാദ് പറയുന്നത്. ഇക്കഴിഞ്ഞ ഒക്ടോബറിൽ പ്രസാദിന്റെ പരാതിയിൽ യൂട്യൂബർ ഗൗരവ് വാസനെതിരെ വഞ്ചനാക്കുറ്റത്തിന് കേസെടുത്തിരുന്നു.
സമൂഹമാധ്യമത്തിൽ വീഡിയോ പങ്കുവച്ച ഗൗരവ് തനിക്കു വേണ്ടി സഹായങ്ങൾ അഭ്യർഥിക്കുകയും സ്വന്തം അക്കൗണ്ട് നമ്പർ നൽകുകയുമാണ് ചെയ്തതെന്നു കാണിച്ചാണ് കാന്താപ്രസാദ് പരാതി നൽകിയത്.
എന്നാൽ ഇപ്പോൾ തനിക്ക് കേസിന്റെ കാര്യം നോക്കാൻ സമയമില്ലെന്നാണ് പ്രസാദ് പറയുന്നത്. മാത്രമല്ല തന്റെ പുതിയ റസ്റ്ററന്റിലെ ഭക്ഷണം രുചിച്ച് നോക്കാൻ ഗൗരവിനെ ക്ഷണിച്ചിട്ടുമുണ്ട് പ്രസാദ്.