കല്ലടിക്കോട്: ഗായത്രി ബാറിൽ അടിപിടിക്കിടെ യുവാവ് മരിക്കാനിടയായ സംഭവം അങ്ങേയറ്റം ഖേദകരമായിപ്പോയെന്നും, സംഘർഷ വിവരം യഥാസമയം ജീവനക്കാർ പോലീസിനെ അറിയിച്ചിരുന്നെങ്കിൽ ദാരുണമായ മരണം സംഭവിക്കാനിടയില്ലെന്നും സർവകക്ഷി അനുസ്മരണ യോഗത്തിൽ സംസാരിച്ചവർ പറഞ്ഞു. കല്ലടിക്കോട് വാക്കോട്
കൈപ്പള്ളിമാലിൽ മാത്യു ജോസഫിന്റെ കൊലപാതകത്തിൽ പ്രതിഷേധിക്കാൻ
മൊറാർജി കൾച്ചറൽ ഫൗണ്ടേഷനാണ് സർവകക്ഷി യോഗം വിളിച്ചുചേർത്തത്. സർക്കാരിന്റെ മദ്യനയം എന്തായിരുന്നാലും, മദ്യശാലകൾ നിയമവിധേയമായി പ്രവർത്തിക്കാനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും ബന്ധപ്പെട്ടവർ ജാഗ്രത പാലിക്കണമെന്നും പ്രസംഗകർ പറഞ്ഞു.
സർവകക്ഷി അനുസ്മരണ യോഗം പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കച്ചൻ മാത്യൂസ് ഉദ്ഘാടനം ചെയ്തു. മദ്യവിരുദ്ധ സമിതി പ്രസിഡന്റ് മാത്യു കല്ലടിക്കോട് അധ്യക്ഷനായി. മൊറാർജി കൾച്ചറൽ ഫൗണ്ടേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ജോണ് മരങ്ങോലി മുഖ്യ പ്രഭാഷണം നടത്തി.വിവിധ സംഘടന നേതാക്കളായ എ.എം.ജോസ്,കെ.കെ.ചന്ദ്രൻ,വീരാൻ സാഹിബ്,കൃഷ്ണദാസ്,കെ.എസ്.ഷാക്കിർ തുടങ്ങിയവർ പ്രസംഗിച്ചു.