സ്വന്തം ലേഖകൻ
തൃശൂർ: ബാരിക്കേഡു പിടിച്ചു തള്ളുകയും അതിനു മുകളിൽ വലിഞ്ഞുകയറി പോലീസിനുനേരെ അതിക്രമം കാണിക്കുകയും ചെയ്യുന്ന സമരക്കാർ ഒന്നു സൂക്ഷിക്കുക… ഇനി കളി പഴയപോലെയല്ല.. ബാരിക്കേഡിൽ പിടിച്ചുതള്ളാനും മുകളിൽ കയറാനും ശ്രമിച്ചാൽ ഇനി വിവരമറിയും.
സമരക്കാരെ സ്വയം നേരിടാൻ കെൽപ്പുള്ള ബാരിക്കേഡുകൾ പോലീസിനു കിട്ടിക്കഴിഞ്ഞു. നാലു ലെയറുകളുള്ള ബാരിക്കേഡിലെ ഒരു ലെയറിൽ മുഴുവൻ കൂർത്ത മുൾക്കന്പികൾ നിറഞ്ഞിരിക്കുകയാണ്. ഇതിൽ തൊട്ടാൽ മുറിഞ്ഞു ചോര വരുമെന്നതിൽ സംശയമില്ല.
ബാക്കിയുള്ള ഭാഗങ്ങൾ പോലീസിന് സുരക്ഷിതമായി കൈകാര്യം ചെയ്യാനുള്ളതാണ്. എവിടേക്കു വേണമെങ്കിലും എളുപ്പത്തിൽ വലിച്ചുകൊണ്ടുപോകാനും സാധിക്കും.
ബാരിക്കേഡിൽ സ്പർശിക്കാൻ പോലും സമരക്കാർക്കും പ്രതിഷേധക്കാർക്കും സാധിക്കാത്ത വിധമാണ് പുതിയ ബാരിക്കേഡുകൾ സജ്ജമാക്കിയിരിക്കുന്നത്.
തെരഞ്ഞെടുപ്പു കഴിഞ്ഞാൽ സമരകോലാഹലങ്ങൾക്കും പ്രതിഷേധ പ്രകടനങ്ങൾക്കും പഞ്ഞമുണ്ടാകില്ലെന്ന കണക്കുകൂട്ടലിലാണു പോലീസ്.
അതുകൊണ്ടുതന്നെ തുരുന്പെടുത്ത് ദ്രവിച്ച ബാരിക്കേഡുകൾ മാറ്റി സമരക്കാർക്കു പണികൊടുക്കാവുന്ന ബാരിക്കേഡുകൾ തന്നെ പുതിയതായി എത്തിച്ചിരിക്കുകയാണ്. നൂറു ബാരിക്കേഡുകൾ തമിഴ്നാട്ടിൽ നിന്നും കൊണ്ടുവന്നിട്ടുണ്ട്.
ഇവ ലോറിയിൽ നിന്നും ഇറക്കാൻ ചുമട്ടു തൊഴിലാളികളും ബുദ്ധിമുട്ടി. പലരുടേയും കൈകൾ മുൾകന്പിയിൽ കൊണ്ടു മുറിഞ്ഞു.
എന്തായാലും ആവേശം കയറി ബാരിക്കേഡിനു മുകളിലേക്ക് കമിഴ്ന്നു കിടക്കുന്നവരും വലിഞ്ഞുകയറുന്നവരും ഇനിയൊന്നു സൂക്ഷിക്കുന്നതു നന്ന്… ബാരിക്കേഡ് പഴയ ബാരിക്കേഡല്ല….