തിരുവനന്തപുരം: കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ ബാറുകളും വിദേശമദ്യവിൽപന കേന്ദ്രങ്ങളും അടച്ചിടേണ്ടതില്ലെന്നു മന്ത്രിസഭാ തീരുമാനം.
പകരം കൊറോണ പ്രോട്ടോകോൾ നടപടികളുടെ അടിസ്ഥാനത്തിൽ ഒന്നര മീറ്റർ അകലത്തിൽ ഇരിപ്പിടങ്ങൾ ക്രമീകരിക്കാൻ നിർദേശം നൽകും.
മദ്യശാലകൾ പൂട്ടിയാൽ മദ്യദുരന്തത്തിനു സാധ്യതയുണ്ടെന്നു മന്ത്രിസഭാ യോഗം വിലയിരുത്തി.
കൂട്ടംകൂടുന്നത് ഒഴിവാക്കാനായി ജനങ്ങൾ ഒത്തുചേരുന്ന എല്ലാ കേന്ദ്രങ്ങളും പൂട്ടിയിട്ടും ബാറുകൾ മാത്രം തുറന്നു പ്രവർത്തിക്കുന്നതിനെതിരേ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു.
ഈ സാഹചര്യത്തിലാണ് ഇന്നലെ ചേർന്ന മന്ത്രിസഭ ഇക്കാര്യം ചർച്ച ചെയ്തത്. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി സ്പിരിറ്റും സാനിറ്റൈസേഷൻ വസ്തുക്കളും മെഡിക്കൽ സ്റ്റോറുകൾ അടക്കമുള്ളവ വഴി വ്യാപകമായി വിതരണം ചെയ്യുന്നുണ്ട്.
മദ്യത്തിന് അടിമകളായവർക്ക് മദ്യം ലഭിക്കാതായാൽ ഇത്തരം വസ്തുക്കൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുണ്ടെന്നും ഇതു ജീവനു തന്നെ ഭീഷണിയാകാമെന്നുമാണ് സർക്കാരിന്റെ വിലയിരുത്തൽ.
ബാറുകളിലെ ഇരിപ്പിടങ്ങൾ ഒന്നര മീറ്റർ അകലത്തിൽ ക്രമീകരിക്കുന്നുണ്ടെന്ന് എക്സൈസ് ഉദ്യോഗസ്ഥർ ഇതു പരിശോധിച്ച് ഉറപ്പുവരുത്തും. നിർദേശം പാലിക്കാത്ത ബാറുകൾ പൂട്ടിയിടും.
കൊറോണ പ്രതിരോധ നിർദേശങ്ങൾ പാലിക്കണമെന്ന് അറിയിക്കാൻ എക്സൈസ് മന്ത്രി ബാറുടമകളുടെ യോഗം വിളിക്കും. മദ്യശാലകൾ പൂട്ടിയാൽ വ്യാജമദ്യം വ്യാപകമാകും.
ബാറുകൾ പൂട്ടിയാൽ, ബിവറേജസ് കോർപറേഷന്റെയും കണ്സ്യൂമർ ഫെഡിന്റെ മദ്യവിൽപനശാലകളിലെ തിരക്കു നിയന്ത്രണാതീതമാകും. ഇപ്പോൾ തന്നെ തിരക്കു നിയന്ത്രിക്കാൻ ആവശ്യമായ ക്രമീകരണം ഒരുക്കിയിട്ടുണ്ടെന്നു എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ മന്ത്രിസഭയെ അറിയിച്ചു.
ബിവറേജസ് ഒൗട്ട്ലെറ്റുകളിൽ ഒരു സമയം 30 പേരിൽ താഴെ മാത്രമേ ക്യൂ നിൽക്കുന്നുള്ളുവെന്ന് ഉറപ്പാക്കാൻ എക്സൈസ് ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിട്ടുണ്ട്.
മദ്യവിൽപനശാലകളിലെ ക്യൂ നിയന്ത്രിക്കേണ്ടത് എക്സൈസ് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വമാണ്. ഇതിന് ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്.