അന്പലപ്പുഴ; ബിവറേജൻസിന്റെ പുന്നപ്രയിലെ ഒൗട്ട് ലെറ്റ് ആലപ്പുഴയിലേക്ക് മാറ്റിയതോടെ മദ്യം വാങ്ങാനെത്തുന്നവരെ ബാറുകാർ പിഴിയുന്നതായി ആക്ഷേപം. വിലകൂടുതൽ ഈടാക്കിയും മദ്യം കൊണ്ടുപോകാനായി സഞ്ചി പിടിച്ചേൽപ്പിച്ചുമാണ് കൊള്ളയടിക്കുന്നത്.
അന്പലപ്പുഴ, പറവൂർ എന്നിവിടങ്ങളിലെ ബാറിനെതിരെയാണ് ആക്ഷേപം ഉയരുന്നത്. ബെവ്ക്യുവിൽ മുൻകൂർ ബുക്ക് ചെയ്യാതെ എത്തുന്നവരിൽ നിന്നാണ് അമിതവില ഈടാക്കുന്നത്. ഏറ്റവും ചെറിയ കുപ്പി മദ്യത്തിന് 10 രൂപ വരെ അധികം നൽകണം.
അളവ് കൂടുന്നതനുസരിച്ച് 30 രൂപവരെ അധികം ഈടാക്കുന്നുണ്ട്. അന്പലപ്പുഴയിലെ ബാറിൽ നിന്നും മദ്യം ലഭിക്കണമെങ്കിൽ സഞ്ചി വാങ്ങണം. ഇല്ലെങ്കിൽ മദ്യം നൽകില്ല. ചോദ്യം ചെയ്താൽ ജീവനക്കാർ കൈയ്യേറ്റം ചെയ്യാനും മടിക്കാറില്ല.
പോക്കറ്റിൽ സൂക്ഷിക്കാവുന്ന ചെറിയ കുപ്പി വാങ്ങിയാലും സഞ്ചി വാങ്ങണം. മൂന്നു രൂപ വിലവരുന്ന സഞ്ചിക്ക് 15 രൂപയാണ് വാങ്ങുന്നത്. ഇതേചൊല്ലി ബാർ ജീവനക്കാരുമായി പലപ്പോഴും വാക്കേറ്റം ഉണ്ടാകാറുണ്ട്.
ബെവ്ക്യുവില്ലാതെ മദ്യം വാങ്ങുന്നവർക്ക് ബില്ല് നൽകാറില്ല. ബില്ല് ചോദിച്ചാൽ മദ്യം തിരികെ വാങ്ങും.പുന്നപ്രയിൽ ബിവറേജസിന്റെ ഒൗട്ട് ലെറ്റ് തുടങ്ങിയതോടെ ബാറുകളിൽ ചിലവ് കുറവായിരുന്നു.
എന്നാൽ ഇവിടെ നിന്നും ഒൗട്ട് ലെറ്റ് മാറ്റിയതോടെ ഈ പ്രദേശത്തുള്ള മദ്യം വാങ്ങേണ്ടവർ ബാറുകളെയാണ് ആശ്രയിക്കുന്നത്.
ഇത് മുതലെടുക്കുകയാണ് ബാറുടമകൾ. ബാറുടമകളെ സഹായിക്കാനാണ് പുന്നപ്രയിൽനിന്നും ഒൗട്ട് ലെറ്റ് മാറ്റിയതെന്ന ആരോപണവും ഉയരുന്നുണ്ട്.
തുടക്കത്തിൽ ബിവറേജസ് ഒൗട്ലെറ്റിനെതിരെ ജനകീയ പ്രക്ഷോപം ഉയർന്നിരുന്നെങ്കിലും പിന്നീട് പ്രതിഷേധം കെട്ടടങ്ങിയിരുന്നു. തുടക്കം മുതലെ പറവൂരിലെ ബാറിനെതിരെ സി പി എം പ്രാദേശിക നേതൃത്വം എതിർത്തെങ്കിലും വിലപ്പോയില്ല.
കൂടാതെ വിവിധ രാഷ്ട്രീയ പാർട്ടികളുടെയും പ്രദേശവാസികളുടെയും എതിർപ്പ് നിലനിൽക്കുകയാണ് ബാറിൽ ബിവറേജസ് കൗണ്ടറിനുള്ള അനുമതി നൽകിയത്.