സിജോ പൈനാടത്ത്
കൊച്ചി: ബാറുകള്‍ക്കു ലൈസന്‍സ് നല്കിയ ഇനത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഈ സാമ്പത്തിക വര്‍ഷം 166. 32 കോടി രൂപയുടെ വരുമാനം. മദ്യത്തിനെതിരേ ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന വിമുക്തി പദ്ധതിക്കു സര്‍ക്കാര്‍ 28.95 കോടി രൂപ ചെലവഴിച്ചതായും എക്സൈസ് വകുപ്പിന്റെ രേഖകളിൽ വ്യക്തമാകുന്നു.
സംസ്ഥാനത്തു നിലവില്‍ 594 ബാറുകള്‍ക്കു വിദേശമദ്യം വില്‍ക്കുന്നതിനുള്ള അനുമതി (എഫ്എല്‍ 3 ലൈസന്‍സ്) ഉണ്ടെന്നു നിയമസഭയില്‍ ടി.ജെ. വിനോദ് എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായി എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണന് പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കാലാവധി പൂര്‍ത്തിയാക്കിയപ്പോള്‍ ബാര്‍ ലൈസന്‍സ് ഉണ്ടായിരുന്നതു ഫൈവ് സ്റ്റാര്‍ പദവിയുള്ള 29 ഹോട്ടലുകള്‍ക്കു മാത്രമായിരുന്നു. ഇടതു സര്‍ക്കാര്‍ ഫോര്‍, ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ക്കും ബാര്‍ ലൈസന്‍സ് നല്‍കിയതോടെയാണു ബാറുകളുടെ എണ്ണം 594 ലെത്തിയത്.
169 ഹോട്ടലുകള്‍ക്ക് ഇപ്പോഴത്തെ സര്‍ക്കാര്‍ എഫ്എല്‍ 3 ലൈസന്‍സ് നല്കിയെന്നു രേഖകളിലുണ്ട്. 28 ലക്ഷം രൂപയാണ് ഒരു ബാര്‍ ലൈസന്‍സിനു സര്‍ക്കാരിനു കിട്ടുന്നത്.
ഓരോ വര്‍ഷവും പുതുക്കാന്‍ ഇതേ തുക വീണ്ടും നല്‍കണം. ബാര്‍ തുടങ്ങാനുള്ള അനുമതിക്കായി നിലവില്‍ നൂറോളം ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലറുകള്‍ അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവിടെ ത്രീ, ഫോര്‍ സ്റ്റാര്‍ സൗകര്യങ്ങളൊരുക്കിയാല്‍ ബാര്‍ ലൈസലന്‍സ് നല്‍കാനാണു സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
ഒരു ബിയര്‍ ആന്‍ഡ് വൈന്‍ പാര്‍ലര്‍ ലൈസന്‍സിന് (എഫ്എല്‍ 11) അഞ്ചു ലക്ഷം രൂപയാണു പ്രതിവര്‍ഷം സര്‍ക്കാരിനു ലഭിക്കുന്നത്. മദ്യ, ലഹരി വസ്തുക്കള്‍ക്കെതിരേ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം നല്കുന്നതിനു 1.01 കോടി രൂപയ്ക്കു ധാരണാപത്രം ഒപ്പിട്ടെന്നു സണ്ണി ജോസഫ് എംഎല്‍എയുടെ ചോദ്യത്തിനു മറുപടിയായി എക്സൈസ് മന്ത്രി പറഞ്ഞു.
കെഎസ്ആര്‍ടിസിയുടെ അംഗീകൃത പരസ്യ ഏജന്‍സിയായ ബ്രാന്‍ഡ് ബസാര്‍ ലൈഫ് സ്റ്റൈല്‍ വഴിയാണു 500 കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പതിക്കുന്നത്.
ബാറുകളിലെയും മറ്റു വില്പനശാലകളിലെയും മദ്യം കഴിച്ചു രോഗികളാകുന്നവരെ ചികിത്സിക്കാനും മദ്യത്തിനെതിരേ ബോധവത്കരണം നടത്താനും കോടികള്‍ ചെലവഴിക്കുന്ന സര്‍ക്കാര്‍, തുടര്‍ച്ചയായി ബാറുകള്‍ക്ക് അനുമതി നല്കി കോടികള്‍ സമാഹരിക്കുന്നതു വിരോധാഭാസമാണെന്നു കെസിബിസി മദ്യവിരുദ്ധ സമിതി സെക്രട്ടറി അഡ്വ. ചാര്‍ളി പോള്‍ ആരോപിച്ചു.
സംസ്ഥാന ലഹരിവര്‍ജന മിഷനാണു വിമുക്തി പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്.