തിരുവനന്തപുരം: ബാറുടമകളിൽനിന്നു കോടികൾ കോഴ വാങ്ങി മദ്യനയത്തിൽ ഇളവ് പ്രഖ്യാപിക്കാൻ നീക്കം നടന്നെന്ന ആരോപണം കത്തിപ്പിടിക്കുന്നു. മദ്യനയം ചർച്ച ചെയ്തിട്ടില്ലെന്നും കെട്ടിടം നിർമിക്കാനാണ് പിരിവ് എടുത്തെതെന്നും പറയുന്ന ബാർ ഉടമ സംഘടനയുടെ വാദം ശരിയല്ലെന്നു സൂചന.
കൊച്ചിയിൽ നടന്ന ബാർ ഉടമകളുടെ യോഗത്തിൽ കെട്ടിടം പണി അജൻഡയിൽ ഇല്ലായിരുന്നെന്നാണ് പറയുന്നത്. എന്നാൽ, ഈ യോഗത്തിലാണ് മദ്യനയത്തിലെ ഇളവിനു വേണ്ടി പണം പിരിക്കാൻ നിർദേശം വന്നതെന്നാണ് ആരോപണം. ഇതിനിടെ മദ്യനയത്തെക്കുറിച്ചു ചർച്ച ചെയ്യാൻ ഓൺലൈൻ യോഗം നടന്നിരുന്നതായ ആരോപണവും ഉയർന്നിട്ടുണ്ട്. വിവാദം കത്തിപ്പിടിച്ചതോടെ സർക്കാർ കടുത്ത പ്രതിരോധത്തിലായി. വിഷയം പ്രതിപക്ഷം ഏറ്റെടുത്തതോടെ വരുന്ന നിയമസഭാ സമ്മേളനം കലുഷിതമാകും.
മദ്യനയത്തില്‍ ഇളവുകള്‍ പ്രഖ്യാപിക്കുന്നതിനു പ്രത്യുപകാരമായി കൊടുക്കാൻ ഓരോ ബാറുടമയും രണ്ടര ലക്ഷം വീതം നല്‍കണമെന്ന ബാറുടമാ സംഘടന നേതാവിന്റെ ശബ്ദ സന്ദേശം വിവാദമായതിന്റെ പശ്ചാത്തലത്തിൽ ബാറുകള്‍ക്ക് ഇളവ് നല്‍കാനുള്ള നീക്കത്തില്‍നിന്നു സർക്കാർ പിൻവാങ്ങിയേക്കും.
ഡ്രൈ ഡേ ഒഴിവാക്കണമെന്ന ഉദ്യോഗസ്ഥതല നിര്‍ദേശവും പരിഗണിക്കാനിടയില്ല. ബാറുകളുടെ പ്രവർത്തന സമയത്തിലും ചില ഇളവുകള്‍ വേണമെന്ന് ഉദ്യോഗസ്ഥതല ശിപാർശ ഉണ്ടായിരുന്നു. പുതിയ വിവാദത്തോടെ ഈ നിർദേശങ്ങളൊക്കെ അവഗണിക്കപ്പെടാനാണ് സാധ്യത.
ഇന്നലെ ബാർക്കോഴ വിവാദം ഇയർന്നതിനു പിന്നാലെ മദ്യനയത്തിൽ പ്രാരംഭ ചർച്ച പോലും നടന്നിട്ടില്ലെന്ന എക്സൈസ് മന്ത്രിയുടെ പ്രസ്താവനതന്നെ ഇങ്ങനെയൊരു സൂചന നൽകുന്നു. മദ്യനയത്തിന്റെ പ്രാരംഭ ചർച്ചകള്‍ക്കായി അടുത്ത മാസം മന്ത്രി ബാറുടമകള്‍ അടക്കമുള്ളവരുടെ യോഗം വിളിക്കാനും തീരുമാനിച്ചിരുന്നു. ബാര്‍ കോഴ വിവാദം മുതലാക്കാനുള്ള നീക്കത്തിലാണ് പ്രതിപക്ഷം.
യുഡിഎഫ് സർക്കാരിന്റെ കാലത്തു ബാർ കോഴ ആരോപണം കത്തിച്ചു പരമാവധി മുതലെടുക്കാൻ നീക്കം നടത്തിയ സർക്കാരിന് അതേ നാണയത്തിൽത്തന്നെ തിരിച്ചടി നൽകുന്നതാണ് പുതിയ വിവാദം. മദ്യനയത്തില്‍ സര്‍ക്കാരോ പാര്‍ട്ടിയോ ചര്‍ച്ച തുടങ്ങിയിട്ടില്ലെന്നിരിക്കെ ഇപ്പോഴുണ്ടായ വിവാദം അടിസ്ഥാനരഹിതമാണെന്ന നിലപാടിലാണ് സിപിഎം. ബാർകോഴ ആരോപണത്തിനു പിന്നാലെ മദ്യനയത്തിൽ ഇളവുകള്‍ നല്കിയാല് അത് ആരോപണത്തിന് കൂടുതൽ ശക്തി പകരുമെന്നും പ്രതിപക്ഷ പ്രതിഷേധം ശക്തമാകുമെന്നും സർക്കാർ കരുതുന്നു.