ഒറിഗോൺ: അമേരിക്കയിൽ അഞ്ചു ലക്ഷത്തോളം മൂങ്ങകളെ കൊന്നൊടുക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. കാലിഫോർണിയ, വാഷിംഗ്ടൺ, ഒറിഗോൺ സംസ്ഥാനങ്ങളിലേക്കു കിഴക്കൻ അമേരിക്കൻ സംസ്ഥാനങ്ങളിൽനിന്നു കുടിയേറിയ ബാർഡ് ഔൾ എന്ന ഇനത്തിൽപ്പെട്ട മൂങ്ങകളെയാണു കൊന്നൊടുക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. തദ്ദേശീയ ഇനമായ സ്പോട്ടട് മൂങ്ങകളെ സംരക്ഷിക്കുകയാണു കൂട്ടക്കൊലയുടെ ലക്ഷ്യം. ഇത്തരമൊരു കടുത്ത നടപടി അവലംബിച്ചില്ലെങ്കിൽ പ്രാദേശിക ഇനം വംശനാശം സംഭവിക്കുമെന്നു വനംവകുപ്പ് വിശദീകരിക്കുന്നു.
മൂന്നു ദശാബ്ദത്തിനുള്ളിലാണ് അഞ്ചു ലക്ഷം ബാർഡ് ഇനം മൂങ്ങകളെ വെടിവച്ചു കൊന്നൊടുക്കുക. കഴിഞ്ഞവർഷം നവംബർ മാസത്തിൽ അവതരിപ്പിച്ച ഇക്കാര്യം അടുത്തിടെയാണ് അമേരിക്കയിൽ ചർച്ചയായത്. ഈ ശിപാർശയ്ക്കെതിരേ പരിസ്ഥിതിസ്നേഹികളും മൃഗസംരക്ഷകരും രംഗത്തെത്തിയിട്ടുണ്ട്.
ഇത്രയധികം എണ്ണത്തെ കൊല്ലാനുള്ള നീക്കം സ്വാഭാവിക ആവാസമേഖലയുടെ താളം കെടുത്തുമെന്നും അധിനിവേശ മൂങ്ങകളെ കൊല്ലുന്പോൾ അക്കൂട്ടത്തിൽ തദ്ദേശീയ മൂങ്ങകളും വൻതോതിൽ കൊല്ലപ്പെടുമെന്നും ശിപാർശയെ എതിർക്കുന്നവർ വാദിക്കുന്നു.
സ്വാഭാവിക ആവാസസ്ഥലങ്ങളിൽ മനുഷ്യന്റെ കൈ കടത്തലുകളുണ്ടായതാണു മൂങ്ങകൾ ഇത്തരത്തിൽ പലായനം ചെയ്യാൻ കാരണമായതെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.