ടൂറിൻ: ചാമ്പ്യൻസ് ലീഗിൽ ഇറ്റാലിയൻ ചാമ്പ്യന്മാരായ യുവന്റസിനെ കീഴടക്കി ബാഴ്സലോണ. സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ ഇല്ലാതെയിറങ്ങിയ യുവന്റസിനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് ബാഴ്സ തോൽപ്പിച്ചത്. ഒരു ഗോളും ഒരു അസിസ്റ്റുമായി മെസിയാണ് ബാഴ്സയുടെ വിജയത്തിന് ചുക്കാൻ പിടിച്ചത്.
പതിനാലാം മിനിറ്റിൽ ഡിംബാലയാണ് ബാഴ്സയുടെ ആദ്യ ഗോൾ വലയിലാക്കിയത്. മെസിയുടെ പാസ് സൂപ്പര്‍ ഫിനിഷിലൂടെ ഡെംബാലെ ലക്ഷ്യത്തിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽ രണ്ട് തവണ മൊറാട്ട ബാഴ്സലോണ വലയിൽ ബോൾ എത്തിച്ചുവെങ്കിലും രണ്ട് തവണയും ഓഫ്സൈഡ് കൊടി പൊങ്ങി.
രണ്ടാം പകുതിയിൽ വീണ്ടും മൊറാട്ട പന്ത് വലയിലെത്തിച്ചെങ്കിലും റഫറി വാർ ഓഫ് സൈഡ് വിധിച്ചു. 85-ാം മിനിറ്റിൽ ഡെമിറാൽ ചുവപ്പ് കണ്ട് പുറത്തുപോയത് യുവന്റസിന് തിരിച്ചടിയായി. അവസാന മിനിറ്റിൽ പെനാൽറ്റിയിൽ നിന്ന് മെസി ഗോളടിച്ചതോടെ യുവന്റസിന്റെ പതനവും പൂർത്തിയായി.
ജയത്തോടെ ബാഴ്സലോണ ഗ്രൂപ്പിൽ ജിയിൽ രണ്ടു മത്സരങ്ങളിൽ ആറു പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി. മൂന്നു പോയിന്റുള്ള യുവന്റസ് രണ്ടാമതാണ്.