ചാലക്കുടി: മദ്യവില്പന കേന്ദ്രങ്ങളും ബാറുകളും അടച്ചുപൂട്ടിയെങ്കിലും കൈയിൽ നന്നായി പണമുണ്ടെങ്കിൽ മദ്യം റെഡി. 800 രൂപ വിലയുള്ള ഒരു കുപ്പി മദ്യത്തിന് 2500 രൂപ നൽകണം.
അടഞ്ഞുകിടക്കുന്ന ചില ബാറുകളിൽനിന്നാണ് ഈ മദ്യം കരിഞ്ചന്തയിൽ എത്തുന്നതെന്നറിയുന്നു. ബാറിൽനിന്നും രഹസ്യമായി പുറത്തേക്ക് എത്തിക്കുന്ന മദ്യമാണ് വൻ വിലയ്ക്ക് വില്ക്കുന്നത്.
ബാറുകളുടെ പരിസരത്ത് ചെന്നാലും മദ്യം കിട്ടുകയില്ല. ബാറുമായി യാതൊരു ബന്ധമില്ലാത്തവരാണ് മദ്യവില്പനയുമായി രംഗത്തുള്ളത്. ചില പ്രത്യേക കേന്ദ്രങ്ങളിൽവച്ചാണ് അധികൃതരുടെ ശ്രദ്ധയിൽപെടാതെ രഹസ്യമായിട്ടാണ് മദ്യം കൈമാറുന്നത്.
ചാരായവില്പനയും പല പ്രദേശങ്ങളിലും നടക്കുന്നുണ്ട്. ചാരായ വാറ്റുകേന്ദ്രങ്ങൾ വ്യാപകമായിട്ടുണ്ടെങ്കിലും എക്സൈസിന് കാര്യമായി പിടികൂടാൻ കഴിഞ്ഞിട്ടില്ല.
ബിവറേജുകൾ അടച്ചതോടെ വ്യാജവാറ്റുകേന്ദ്രങ്ങൾ സജീവമായിട്ടുണ്ട്. പുഴയോരങ്ങൾ കേന്ദ്രീകരിച്ചാണ് വ്യാജവാറ്റ് നടക്കുന്നത്. ഇപ്പോൾ ചാരായം വില്പന വ്യാപകമായിട്ടുണ്ട്. അരിഷ്ടത്തിൽ ചാരായം ചേർത്ത് അരിഷ്ടം എന്ന വ്യാജേനയാണ് വില്പന നടക്കുന്നത്.