പാരീസ്: ഏയ്ഞ്ചല്‍ ഡി മരിയയുടെയും എഡിന്‍സണ്‍ കവാനിയുടെയും ജീവിതത്തിലെ ഏറ്റവും മഹത്തായ ആഘോഷം, അതായിരുന്നു ചാന്പ്യൻസ് ലീഗ് നോക്കൗട്ടിൽ ബാഴ്സയ്ക്കെതിരേ പാരീസിൽ കണ്ടത്.ഒപ്പം ജൂലിയന്‍ ഡ്രാക്സ്ലര് നേടിയ ഗോളും കൂടിയായപ്പോൾ സ്പാനിഷ് വമ്പുമായെത്തിയ ബാഴ്സലോണയെ പാരി സാന്‍ ഷെര്‍മയിൻ തകര്‍ത്തു തരിപ്പണമാക്കി.
ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ പോരാട്ടങ്ങളിലെ ആദ്യപാദ മത്സരത്തില്‍ പാരീസിലെ പാര്‍ക് ഡേ പ്രിന്‍സസില്‍ പാരി സാന്‍ ഷെര്‍മയിന്‍ (പിഎസ്ജി) നടത്തിയ തേരോട്ടത്തില്‍ താരസമ്പന്നമായ ബാഴ്സലോണയെ എതിരില്ലാത്ത നാലു ഗോളിനു നിലം പരിശാക്കി. ഇനി ബാഴ്സലോണയിലെ ന്യൂകാമ്പില്‍ നടക്കുന്ന രണ്ടാം പാദത്തില്‍ അദ്ഭുത പ്രകടനം നടത്തി വലിയ ജയം നേടിയാല്‍ മാത്രമേ ലയണല്‍ മെസിക്കും കൂട്ടര്‍ക്കും ക്വാര്‍ട്ടറിലെത്താനാകൂ.
18, 55 മിനിറ്റുകളിലായിരുന്നു ഡി മരിയയുടെ ഗോളുകള്‍. ചാമ്പ്യന്‍സ് ലീഗില്‍ അരങ്ങേറ്റം കുറിച്ച ഡ്രാക്സലര്‍ 40-ാം മിനിറ്റില്‍ വലകുലുക്കി. 71-ാം മിനിറ്റില്‍ ഗോള്‍ നേടിക്കൊണ്ട് കവാനി പിഎസ്ജിയുടെ പട്ടിക പൂര്‍ത്തിയാക്കി.
ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തിലെ നാലാം തവണയാണ് ബാഴ്സലോണ ഗോളൊന്നും നേടാതെ നാലു ഗോള്‍ തോല്‍വി വഴങ്ങുന്നത്. 2012-13, 2014-15 ചാമ്പ്യന്‍സ് ലീഗ് സീസണുകളില്‍ പിഎസ്ജിയെ ക്വാര്‍ട്ടറില്‍ പുറത്താക്കിയ ടീമാണ് ബാഴ്സലോണ. ആ തോല്‍വികള്‍ക്കൊപ്പം 2015ല്‍ സ്വന്തം കാണികളുടെ മുന്നിലേറ്റ 3-1ന്റെ തോല്‍വിക്ക് ആ ഗ്രൗണ്ടില്‍ തന്നെ ബാഴ്സലോണയെ തോല്‍പ്പിച്ചുകൊണ്ട് പിഎസ്ജി പകരം വീട്ടി.
മത്സരത്തിന്റെ സര്‍വമേഖലകളിലും ഒന്നു പൊരുതാന്‍ പോലും അവസരം കൊടുക്കാതെയാണ് ബാഴ്സലോണയെ പിഎസ്ജി തകര്‍ത്തത്. ഫെബ്രുവരി 14ന് ജന്മദിനമാഘോഷിക്കുന്ന ഡി മരിയയും കവാനിയും ഗോളുകള്കൊണ്ടും വിജയംകൊണ്ടും ജന്മദിനം മനോഹമാക്കി.
29-ാം ജന്മദിനത്തില് ഡി മരിയ എടുത്ത മികച്ച ഫ്രീകിക്കിലൂടെ പാരി സാന്‍ ഷെര്‍മയിന്‍ ഗോളടിക്കു തുടക്കമിട്ടു. രണ്ടാം പകുതിയില്‍ ഒരു ഗോളു കൂടി അർജന്റൈന്‍ പ്ലേമേക്കര്‍ വലയിലാക്കി. അതിനു മുമ്പ് ഡ്രാക്സ്ലര്, അവസാന ഗോള്‍ 30-ാം പിറന്നാള്‍ ആഘോഷിക്കുന്ന കവാനിയിലൂടെയായിരുന്നു.