വിയ്യാറയല്‍: ആദ്യം രണ്ട് ഗോളിനു മുന്നിൽ. തുടർന്ന് നാല് ഗോൾ വഴങ്ങി രണ്ട് ഗോളിനു പിന്നിൽ. അവസാന നാല് മിനിറ്റിനുള്ളിൽ രണ്ട് ഗോളടിച്ച് സമനില. സ്പാനിഷ് ലാ ലിഗ ഫുട്ബോളിൽ വിയ്യാറയലിനെതിരേ ഗോൾ ത്രില്ലറിനൊടുവിൽ ബാഴ്സലോണ 4-4 ന് സമനില പിടിച്ചത് ഇങ്ങനെയായിരുന്നു. പകരക്കാരന്റെ ബെഞ്ചിൽനിന്നെത്തി 90-ാം മിനിറ്റിൽ അത്യുജ്വല ഫ്രീകിക്ക് ഗോളിലൂടെ ബാഴ്സയ്ക്ക് തിരിച്ചുവരവിനുള്ള മരുന്നിട്ടത് സൂപ്പർ താരം ലയണൽ മെസിയായിരുന്നു.
ഇഞ്ചുറി ടൈമിലെ തകര്‍പ്പന്‍ പ്രകടനത്തില്‍ ബാഴ്സലോണ 17-ാം സ്ഥാനത്തുള്ള വിയ്യാറയലുമായി 4-4ന് സമനില പിടിച്ചു. നവംബറിനുശേഷം ലാ ലിഗയിലെ ആദ്യ തോല്‍വി ഉറ്റുനോക്കുകയായിരുന്ന ബാഴ്സലോണയ്ക്ക് ഇഞ്ചുറി ടൈമിലെ ഗോളില്‍ ലൂയി സുവാരസ് സമനില നൽകുകയായിരുന്നു.
30 കളിയിൽ പോയിന്റ് 70
സമനില പാലിച്ചെങ്കിലും പോയിന്റ് പട്ടികയില്‍ ബാഴ്സലോണ രണ്ടാം സ്ഥാനത്തുള്ള അത്ലറ്റിക്കോ മാഡ്രിഡിനെക്കാള്‍ എട്ടു പോയിന്റ് ലീഡിലാണ്. 30 കളിയില്‍ ബാഴ്സലോണയ്ക്ക് 70 ഉം അത്ലറ്റിക്കോയ്ക്ക് 62ഉം പോയിന്റാണ്. അത്ലറ്റിക്കോ 2-0ന് ജിറോണയെ തോല്‍പ്പിച്ചിരുന്നു. എവേ ഗ്രൗണ്ടില്‍ വിയ്യാറയലിനെതിരേ ഇറങ്ങിയപ്പോള്‍ ബാഴ്സലോണ മെസി, ജെറാര്‍ഡ് പിക്വെ, ഇവാന് റാക്കിറ്റിച്ച് എന്നിവരെ ആദ്യ പതിനൊന്നില്‍ ഉള്‍പ്പെടുത്തിയില്ല.
12-ാം മിനിറ്റില്‍ ഫിലിപ്പെ കുടിഞ്ഞോ ബാഴ്സയെ മുന്നിലെത്തിച്ചു. നാലു മിനിറ്റ് കഴിഞ്ഞ് മാല്ക്കമിന്റെ ഹെഡറിലൂടെ ബാഴ്സലോണ ലീഡ് ഉയര്‍ത്തി. പുറത്താക്കല്‍ ഭീഷണിയെ നേരിട്ടുകൊണ്ടിരിക്കുന്ന വിയ്യാറയല്‍ 23-ാം മിനിറ്റില്‍ പത്തൊന്പതുകാരാന് സാമുവല്‍ ചുക് വൂസിയിലൂടെ ഒരു ഗോള്‍ മടക്കി.
ഇടവേളയ്ക്കുശേഷം പെട്ടെന്നു തന്നെ ബാഴ്സയുടെ വലകുലുങ്ങി. സ്ഥാനം തെറ്റിനിന്ന ബാഴ്സ ഗോള്‍കീപ്പര്‍ മാര്‍ക് ആന്ദ്രെ ടെര് സ്റ്റെഗനെ കാഴ്ചക്കാരനാക്കി കാള്‍ ടോക്കോ ഇകാംബി സമനില നേടി. വൈകാതെ തന്നെ വിസെന്റ് ഇബോറ ആതിഥേയരെ മുന്നിലെത്തിച്ചു. ഇതോടെ ബാഴ്സലോണയ്ക്ക് മെസിയെ ഇറക്കാതെ രക്ഷയില്ലെന്നായി. മെസി ഇറങ്ങിയശേഷം കാര്‍ലോസ് ബാക്കയിലൂടെ ഒരു ഗോളുകൂടി നേടി വിയ്യാറയല്‍ ജയം ഉറപ്പിക്കുകയായിരുന്നു.
കളിതീരാൻ നാലു മിനിറ്റ് കൂടിയുള്ളപ്പോള്‍ ആതിഥേയരുടെ ആല്‍വരോ ഗോണ്‍സാലസ് രണ്ടാം മഞ്ഞക്കാര്‍ഡും കണ്ട് മാര്‍ച്ചിംഗ് ഓര്‍ഡര്‍ വാങ്ങിയത് ബാഴ്സലോണയ്ക്കു തിരിച്ചുവരവിനുള്ള വഴിയൊരുക്കി. മെസിയുടെ ഫ്രീകിക്കും ഇഞ്ചുറി ടൈമിൽ സുവാരസിന്റെ നിലംപറ്റെ വന്ന ശക്തമായ ഷോട്ടും ബാഴ്സലോണയെ നാണക്കേടില്‍നിന്നു രക്ഷിച്ചു.