മാഡ്രിഡ്: സ്പാനിഷ് ലീഗ് ഫുട്ബോളിൽ ബാഴ്സലോണയുടെ അപരാജിത യാത്ര തുടരുന്നു. ലീഗിലെ 36-ാം മത്സരത്തിൽ ബാഴ്സലോണ 5-1നു വിയ്യാറയലിനെ കീഴടക്കി. ഈ സീസണോടെ ക്ലബ് വിടുന്ന മിഡ്ഫീൽഡ് ജനറൽ ആ്രന്ദേ ഇനിയെസ്റ്റയുടെ രണ്ട് വേൾഡ് ക്ലാസ് അസിസ്റ്റുകളും ഡെംബെലെയുടെ ഇരട്ട ഗോളും (87, 90+3 മിനിറ്റുകൾ) ബാഴ്സയുടെ ജയത്തിനു ചന്തം പകർന്നു.
ലയണൽ മെസി (45-ാം മിനിറ്റ്), പൗളീഞ്ഞോ (16-ാം മിനിറ്റ്), കുട്ടീഞ്ഞോ (11-ാം മിനിറ്റ്) എന്നിവരും ബാഴ്സയ്ക്കായി ലക്ഷ്യംകണ്ടു. 54-ാം മിനിറ്റിൽ സാൻസണിന്റെ വകയായിരുന്നു വിയ്യാറയലിന്റെ ഏക ഗോൾ. ശേഷിക്കുന്ന രണ്ട് മത്സരങ്ങളിൽകൂടി പരാജയപ്പെടാതിരുന്നാൽ ആധുനിക ലാ ലിഗയിൽ തോൽവി അറിയാതെ കപ്പുയർത്തുന്ന ടീമെന്ന നേട്ടം ബാഴ്സയ്ക്ക് സ്വന്തമാക്കാം.
കിരീടം ഇതിനോടകം സ്വന്തമാക്കിക്കഴിഞ്ഞ ബാഴ്സയുടെ ശേഷിക്കുന്ന മത്സരങ്ങൾ ലീഗിൽ 16-ാം സ്ഥാനത്തുള്ള ലെവന്റെയ്ക്കും 11-ാം സ്ഥാനത്തുള്ള റയൽ സോസിഡാഡിനും എതിരേയാണ്. ലീഗിൽ 18 മത്സരങ്ങൾ ഉണ്ടായിരുന്ന 1931-32 സീസണിൽ റയൽ മാഡ്രിഡ് തോൽവി അറിയാതെ കിരീടം സ്വന്തമാക്കിയതിനുശേഷം ഒരു ടീമും അതാവർത്തിച്ചിട്ടില്ല.
അതേസമയം, ചാന്പ്യൻസ് ലീഗ് ഫൈനലിൽ പ്രവേശിച്ച റയൽ മാഡ്രിഡ് എവേ മത്സരത്തിൽ സെവിയ്യയ്ക്കു മുന്നിൽ തലകുനിച്ചു. സെർജ്യോ റാമോസ് സെൽഫ് ഗോൾ അടിക്കുകയും പെനാൽറ്റി നഷ്ടപ്പെടുത്തുകയും ചെയ്ത മത്സരത്തിൽ 3-2നായിരുന്നു റയലിന്റെ പരാജയം.
വിസം ബെൻ യേഡർ (26-ാം മിനിറ്റ്), മിഗ്വെൽ ലയൂൻ (45-ാം മിനിറ്റ്) എന്നിവരും റാമോസ് (84-ാം മിനിറ്റ്, സെൽഫ്) റയലിന്റെ വലയിൽ പന്ത് എത്തിച്ചു. ഗബ്രിയേൽ മെർക്കാഡോയുടെ ക്രോസ് രക്ഷപ്പെടുത്തുന്നതിനിടെയായിരുന്നു റാമോസിന്റെ സെൽഫ് ഗോൾ.
58-ാം മിനിറ്റിലായിരുന്നു റാമോസ് എടുത്ത പെനാൽറ്റി ക്രോസ് ബാറിൽ ഇടിച്ച് തെറിച്ചത്. ബോർജ മയോറൽ (87-ാം മിനിറ്റ്), റാമോസ് (90+5 മിനിറ്റ്, പെനാൽറ്റി) എന്നിവർ അവസാന മിനിറ്റുകളിൽ നേടിയ ഗോളാണ് റയലിനെ വൻ നാണക്കേടിൽനിന്ന് രക്ഷിച്ചത്. ടോണി ക്രൂസ്, ലൂക്ക മോഡ്രിച്ച്, മാഴ്സലോ, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ കൂടാതെയാണ് റയൽ ഇറങ്ങിയത്.
തോൽവിയോടെ ലീഗിൽ രണ്ടാം സ്ഥാനത്ത് എത്താമെന്ന റയലിന്റെ മോഹത്തിനു തിരിച്ചടിയേറ്റു. 36 മത്സരങ്ങളിൽനിന്ന് 90 പോയിന്റുള്ള ബാഴ്സലോണ, 75 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡ് എന്നിവയ്ക്കു പിന്നിൽ 72 പോയിന്റുമായി റയൽ മൂന്നാമതാണ്.