അനോയിറ്റ: സ്പാനിഷ് ലാ ലിഗയിൽ ബാഴ്സലോണ വിജയക്കുതിപ്പു തുടരുന്നു. ലൂയി സുവരാസിന്റെ ഇരട്ട ഗോളാണ് ബാഴ്സലോണയ്ക്ക് ജയമൊരുക്കിത്. റയൽ സോസിദാദിനോടു രണ്ട് ഗോളിനു പിന്നിൽനിന്നശേഷം നാലു ഗോളുകളടിച്ച് ബാഴ്സലോണ വിജയം സ്വന്തമാക്കി.
റയൽ സോസിദാദിന്റെ അനോയിറ്റയിൽ 11 വർഷങ്ങൾക്കുശേഷം ബാഴ്സലോണ നേടുന്ന ആദ്യ ജയമാണ്. കഴിഞ്ഞ ഏഴ് ലാ ലിഗ മത്സരങ്ങളിലും ബാഴ്സലോണ അനോയിറ്റയിൽ പരാജയപ്പെട്ടിരുന്നു. 11-ാം മിനിറ്റിൽ വില്യൻ ജോസിന്റെ ഹെഡറും 34-ാം മിനിറ്റിൽ ജുവാൻമിയുടെ ഗോളും സോസിദാദിനെ മുന്നിലെത്തിച്ചു.
എന്നാൽ പിന്നീടങ്ങോട്ടു ബാഴ്സ ആക്രമണം ശക്തമാക്കിയതോടെ സോസിദാദിന്റെ വല നാലു തവണ കുലുങ്ങി. ഫ്രീകിക്കിലൂടെ ബാഴ്സലോണയുടെ നാലാം ഗോൾ നേടിയ മെസി ഒരു ക്ലബ്ബിനുവേണ്ടി ഏറ്റവും കൂടുതൽ ഗോൾ നേടിയ താരമായി. 366 ലീഗ് ഗോളിലെത്തിയ മെസി ഗെർഡ് മുള്ളറുടെ റിക്കാർഡ് മറികടന്നു.
ആദ്യ പകുതിയുടെ ഇടവേളയ്ക്കു പിരിയുംമുന്പേ ബാഴ്സലോണ ഒരു ഗോൾ മടക്കി. 39-ാം മിനിറ്റിൽ ലൂയി സുവാരസ് ബോക്സിന്റെ മൂലയിൽ നിന്നു തള്ളിക്കൊടുത്ത പന്തിലേക്ക് പൗളിഞ്ഞോ നിരങ്ങി വീണ് പന്ത് വലയിലാക്കി. രണ്ടാം പകുതി അഞ്ചു മിനിറ്റായപ്പോൾ ബാഴ്സലോണ സമനില നേടി.
പന്തുമായി കുതിച്ച മെസി നൽകിയ ക്രോസ് സ്വീകരിച്ച സുവാരസ് വല ലക്ഷ്യമാക്കി ഉയർത്തിയടിച്ചു. പന്തു കൃത്യമായി വലയിൽ. എഴുപത്തിയൊന്നാം മിനിറ്റിൽ സുവാരസ് വീണ്ടും ലക്ഷ്യം കണ്ടു. ഗോൾകീപ്പർ ജെർമിനോ റൂലി അടിച്ച പന്ത് നേരെ തോമസ് വെർമീലിന് ഹെഡ് ചെയ്ത് സുവാരസിനു നൽകി. പന്തിലേക്ക് ഓടിയെത്തിയ ഉറുഗ്വെൻ താരം അനായാസം വലകുലുക്കി. 85-ാം മിനിറ്റിൽ ലയണൽ മെസി ഫ്രീകിക്കിലൂടെ ഗോൾ നേടി. മെസിയുടെ 366-ാമത്തെ ലീഗ് ഗോളായിരുന്നു.
ഇതോടെ 19 മത്സരങ്ങളിൽ നിന്നു 51 പോയിന്റുമായി ബാഴ്സലോണ ഒന്നാംസ്ഥാനത്തു തുടരുന്നു. മുഖ്യഎതിരാളികളായ റയൽ മാഡ്രിഡിനേക്കാൾ 19 പോയിന്റ് വ്യത്യാസത്തിലാണ് ബാഴ്സയുടെ നിൽപ്. കഴിഞ്ഞ ദിവസം റയൽ 1-0ന് വിയ്യാറയലിനോട് തോറ്റിരുന്നു. ഒരു മത്സരം കുറച്ചു കളിച്ച റയൽ 32 പോയിന്റുമായി നാലാം സ്ഥാനത്താണ്. അത്ലറ്റിക്കോ മാഡ്രിഡാണ് രണ്ടാംസ്ഥാനത്ത്. വലൻസിയയാണ് മൂന്നാമത്.