രജനീകാന്ത് ഓട്ടോക്കാരനായെത്തിയ സൂപ്പർഹിറ്റ് ചിത്രം ബാഷ 22 വർഷത്തിനു ശേഷം അമേരിക്കയിലേക്ക്. തമിഴ് മന്നൻ രജനികാന്തിനോട് തമിഴ്നാട്ടുകാർക്കുള്ള ആരാധന മറ്റാരോടുമില്ല. ഓരോ സിനിമ പുറത്തിറങ്ങുന്പോഴും ആരാധകർക്ക് ഹരമാണ്. പ്രിയതാരത്തിന്റെ സിനിമ എത്രവട്ടം കാണാനും ആരാധകർ റെഡിയാണ്.
സിനിമകളിലെ പാട്ടുകളും കിടിലൻ സംഭാഷണങ്ങളുമൊക്കെ ഇപ്പോഴും അറിയാതെ ഓരോരുത്തരുടെയും ചുണ്ടിൽ വരാറുമുണ്ട്. അതൊക്കെ രജനികാന്ത് സിനിമയോടുള്ള ഇഷ്ടം തന്നെയാണ്.എത്രവർഷം കഴിഞ്ഞാലും ചില സിനിമകളുടെ മാർക്കറ്റ് ഒട്ടും കുറയുകയുമില്ല. അതിന് തെളിവാണ് 22 വർഷത്തിന് മുന്പ് രജനികാന്ത് അഭിനയിച്ച് തകർത്ത ബാഷ വീണ്ടും പ്രദർശനത്തിന് എത്തുന്നുവെന്ന പുതിയ വാർത്ത സിനിമാ പ്രേമികളെ ഹരം കൊള്ളിക്കുന്നത്.
യു എസിൽ വച്ച് നടത്തുന്ന ഫാന്റസി ഫെസ്റ്റിലാണ് ബാഷ പ്രദർശിപ്പിക്കുന്നത്. സെപ്റ്റംബർ 24,26 തിയതികളിലാണ് പ്രമുഖ താരങ്ങളുടെ സിനിമ പ്രദർശിപ്പിക്കുന്നതെന്ന് സംഘാടക സമിതി അറിയിച്ചു. ആക്്ഷൻ ചിത്രമായ ബാഷയിൽ ഓട്ടോക്കാരന്റെ വേഷത്തിലാണ് രജനികാന്ത് അഭിനയിച്ചിരിക്കുന്നത്.
ചിത്രത്തിന്റെ പേരും രജനികാന്തിന്റെ കഥാപാത്രത്തിന്റെ പേരും ബാഷ എന്നു തന്നെയാണ്. ആർ.എം വീരപ്പന്റെ നിർമാണത്തിൽ സുരേഷ് കൃഷ്ണയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.