പാലക്കാട്: ലോറിസമരം നടക്കുന്നതിനിടെ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് പച്ചക്കറിയുമായി വന്ന ലോറിക്കുനേരെ കല്ലെറിഞ്ഞതിനെതുടർന്ന് ക്ലീനർ മരിച്ചു. കോയന്പത്തൂർ മേട്ടുപ്പാളയം സ്വദേശി ബാഷ (29) ആണ് മരിച്ചത്. ഇന്നു പുലർച്ചെ ഒരുമണിയോടെയാണ് സംഭവം. ലോറി ഡ്രൈവർ മേട്ടുപ്പാളയം സ്വദേശി നൂറുള്ളയ്ക്ക് പരിക്കേറ്റിട്ടുണ്ട്.
കഞ്ചിക്കോട് ഫെഡറൽബാങ്ക് എടിഎമ്മിനു സമീപത്തായിരുന്നു സംഭവം. കാറിലും ബൈക്കിലും എത്തിയ പതിനഞ്ചംഗ സംഘമാണ് കല്ലേറ് നടത്തിയതെന്ന് പോലീസ് പറഞ്ഞു. ലോറിയുടെ ഇടതുഭാഗത്തുകൂടി വന്ന കരിങ്കല്ല് ക്ലീനറുടെ നെഞ്ചിൽ പതിയ്ക്കുകയായിരുന്നു.
ഉടൻ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെലും മരണം സംഭവിച്ചു. ക്ലീനർക്ക് പരിക്കേറ്റെന്ന് കണ്ട അക്രമിസംഘം വന്ന വാഹനങ്ങളിൽ തന്നെ രക്ഷപ്പെട്ടു. അക്രമികൾക്കായുള്ള അന്വേഷണം ഉൗർജിതമാക്കിയെന്ന് കസബ പോലീസ് അറിയിച്ചു. രണ്ടുദിവസം മുന്പ് മാത്രമാണ് ബാഷ ജോലിയിൽ പ്രവേശിച്ചത്. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.