എടത്തിരുത്തി: നിർധനരായ ആറ് കുടുംബങ്ങൾക്ക് കിടപ്പാടമൊരുക്കാൻ അരക്കോടിയുടെ ഭൂമി സൗജന്യമായി വിട്ടുനൽകി ദന്പതികൾ.
പൈനൂർ പല്ലയിലാണ് ആറ് കുടുംബങ്ങളുടെ ജീവിതാഭിലാഷം പൂവണിയാനായി മുപ്പതുസെന്റ് ഭൂമിയാണ് വാടാനപ്പള്ളി സ്വദേശി കടവിൽ ബഷീറും ഭാര്യ ഷാജിതയും ചേർന്ന് തങ്ങളുടെ ജന്മനാട്ടിൽ ഭൂമി സൗജന്യമായി വിട്ടുനൽകിയത് വലപ്പാട്, എടത്തിരുത്തി ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വാടകക്കും മറ്റുള്ളവരുടെ ദയയിലും താമസിക്കുന്ന അർഹരായ ആറ് കുടുംബങ്ങൾക്കാണ് ഭൂമി ലഭിച്ചത്.
ടാറിട്ട റോഡിന് അഭിമുഖമായതും മറ്റുള്ളവർക്ക് പന്ത്രണ്ട് അടി വീതിയിലുള്ള വഴിയും തിരിച്ചിട്ടാണ് ഭൂമി കൊടുത്തത്.
ബഷീറിന്റെ ഭാര്യ ഷാജിതക്ക് കിടപ്പാടമില്ലാത്തവരുടെയും നിരാലംബരായ രോഗികളുടേയും വാർത്തകൾ കാണുന്പോൾ അവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന മോഹമാണ് ഇന്ന് പൂവണിഞ്ഞത്.
ഇനിയും തങ്ങളാൽ കഴിയുന്നപോലെ നിരാലംബരെ ചേർത്തുപിടിക്കുമെന്ന് കടവിൽ ബഷീർ പറഞ്ഞു.വലപ്പാട് ഗവ. ഹൈസ്കൂളിലെ പത്താംക്ലാസിലെ ഭിന്നശേഷിക്കാരിയായ വിദ്യാർഥിനിയുടെ കുടുംബത്തിന് ഏഴുലക്ഷം രൂപ ചെലവഴിച്ചുള്ള വീട് നിർമാണം അധ്യാപക സംഘടന ഏറ്റെടുത്തതായി െകഎസ്ടിഎ ജില്ലാ കമ്മിറ്റി അംഗവും കുട്ടിക്കൊരു വീട് പദ്ധതിയുടെ കണ്‍വീനറുമായ ടി.വി. ചിത്രകുമാർ ചടങ്ങിൽ അറിയിച്ചു.
ഭൂമി വിട്ടുനൽകിയ കടവിൽ ബഷീർ, ഭാര്യ ഷാജിത, ഇതിന് നേതൃത്വംവഹിച്ച കടവിൽ ഹൈദ്രോസ് കുട്ടി ഹാജി എന്നിവരെ ചടങ്ങിൽ ആദരിച്ചു. ജില്ലാ പഞ്ചായത്ത് അംഗം മഞ്ജുള അരുണൻ ആധാരം വിതരണം ചെയ്തു.
വാർഡ് അംഗം പി.എച്ച്. ബാബു അധ്യക്ഷതവഹിച്ചു. രാജൻ പൊറ്റേക്കാട്ട്, ഷെമീർ എളേടത്ത്, കെ.വി. ശ്രീധരൻ, സൈനുദ്ധീൻ, അസീസ് പുതിയവീട്ടിൽ, കെ.എസ്. ശ്രീരാജു തുടങ്ങിയവർ സംസാരിച്ചു.