വടകര: ബേപ്പൂർ സുൽത്താനും കഥാപാത്രങ്ങളും അതേപടി മുന്നിൽ നിന്നപ്പോൾ വിദ്യാർഥികൾക്ക് വിസ്മയവും കൗതുകവും. പാഠഭാഗങ്ങളിലെ വൈക്കം മൂഹമ്മദ് ബഷീർ ചാരുകസേരയിലിരുന്ന് രചന നടത്തുന്നത് കുട്ടികൾ നേരിൽ കണ്ടു ബഷീർ അനുസ്മരണ ദിനാചരണത്തിന്റെ ഭാഗമായി മടപ്പള്ളി ഗവ.വൊക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലാണ് അവിസ്മരണീയ രംഗങ്ങൾ.
ബഷീറിനെയും അദ്ദേഹത്തിന്റെ കഥാപാത്രങ്ങളെയും വിദ്യാലയ അങ്കണത്തിൽ പുനരാവിഷ്കരിക്കുകയായിരുന്നു. ബേപ്പൂരിലെ വൈലാൽ വീട്ടുമുറ്റത്തെ മാങ്കോസ്റ്റിൻ ചുവട്ടിലിരിക്കുന്ന ബഷീറിനെ അതേ രൂപ ഭാവങ്ങളോടെ സ്കൂൾ അങ്കണത്തിൽ വിദ്യാർഥികൾ അവതരിപ്പിച്ചു.
ബഷീറും ഒപ്പം കഥാപാത്രങ്ങളും വിദ്യാലയ മുറ്റത്തെത്തിയത് വിദ്യാർഥികൾക്കു പുതിയ അനുഭവമായി. ചാരുകസേരയിലിരുന്നു രചന നടത്തുന്ന ബഷീറും സമീപത്ത് നിൽക്കുന്ന പാത്തുമ്മയും പ്ലാവില തിന്നുന്ന ആടും കുട്ടികളെ രസിപ്പിച്ചു. ബഷീറിന്റെ ഗ്രാമഫോണ്‍ വിദ്യാർഥികൾ നേരിൽ കാണുകയായിരുന്നു.
പത്താംതരം വിദ്യാർഥി അഭിനവ് ബഷീറായും ഒന്‍പതാം തരത്തിലെ ശിവാനി പാത്തുമ്മയായും തിളങ്ങി. കഥാപാത്രങ്ങൾ പുനരാവിഷ്കരിച്ചതിനു പുറമെ ബഷീർ കൃതികളുടെ പ്രദർശനവും നടന്നു. വായനയുടെ രസം പകർന്ന കൃതികൾ കുട്ടികൾ കണ്ടറിഞ്ഞു.
കെ.ടി.ദിനേശൻ ബഷീർ അനുസ്മരണ പ്രഭാഷണം നടത്തി. കലഹമല്ല സ്നേഹമാണ് ബഷീറിന്റെ സന്ദേശമെന്ന് ദിനേശൻ പറഞ്ഞു. ചടങ്ങിൽ പ്രധാനാധ്യാപകൻ വി.പി. പ്രഭാകരൻ അധ്യക്ഷത വഹിച്ചു. വിദ്യാർഥികളായ ശ്രേയ സുനിൽ, സാനിയ അനിൽ എന്നിവർ ബഷീറിനെ അനുസ്മരിച്ച് പ്രസംഗിച്ചു.