ഏറെ സന്തോഷം ഒപ്പം അഭിമാനവും- ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ച് ബേസിലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. വിദേശത്ത് ജോലി തേടിപ്പോവാന്‍ തയാറായപ്പോള്‍ അതു വേണ്ടെന്ന് മണിക്കൂറുകളോളം ഉപദേശിച്ച് ക്രിക്കറ്റില്‍ ഉറപ്പിച്ചു നിര്‍ത്തിയ എറണാകുളം സ്വാന്റസ് ക്ലബിലെ സി.എം. ദീപക്കിനെ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും അദ്ദേഹത്തിന്റെ ഉപദേശമില്ലായിരുന്നെങ്കില്‍ ഇപ്പോള്‍ ഏതെങ്കിലും ഒരു വിദേശ രാജ്യത്തായിരുന്നേനെ യെന്ന് ബേസില്‍ പറഞ്ഞു.
പെരുമ്പാവൂര്‍ ഇരിങ്ങോൾ സ്വദേശിയായിരുന്ന ബേസില്‍ കുട്ടിക്കാലം മുതല്ക്കേ ക്രിക്കറ്റ് കമ്പക്കാരനായിരുന്നു. പെരുമ്പാവൂര്‍ സി.സി. ക്ലബിലൂടെയായിരുന്നു ക്രിക്കറ്റിന്റെ തുടക്കം. അന്ന് എല്ലാ പ്രോത്സാഹനങ്ങളും നല്‍കിയത് വിശ്വജിത്ത് എന്ന കോച്ചായിരുന്നു. പത്താം ക്ലാസ്വരെ പെരുമ്പാവൂര്‍ ആശ്രമം ഹൈസ്കൂളിലായിരുന്നു പഠനം. തുടര്‍ന്ന് എംജിഎം സ്കൂളില്‍ പ്ലസ് ടു പഠനം.
ഇതിനുശേഷം കളമശേരി സെന്റ് പോള്‍സ് കോളജില്‍ ഡിഗ്രി പഠനം . ഇക്കാലമെല്ലാം സ്കൂൾ, കോളജ് ടീമുകളില്‍ അംഗമായിരുന്നു. കോളജ് പഠനകാലത്ത് 19 വയസില്‍ താഴെയുളള കേരളാ ടീമില്‍ അംഗമായാണ് ശ്രദ്ധേയനായത്. തുടര്‍ന്ന് കുറച്ചു കാലം ക്രിക്കറ്റില്‍നിന്നു വിട്ടു നിന്നു. ആ സമയത്താണ് സി.എം. ദീപക് എത്തി കളി തുടരണമെന്ന നിര്‍ദ്ദേശങ്ങള്‍ നല്കിയതും വീണ്ടും ക്രിക്ക റ്റിൽ സജീവമായതും. തുടര്‍ന്ന് ടിനു യോഹന്നാനു കീഴില്‍ പരിശീലനം നടത്തി.
2014-15 സീസണില്‍ രഞ്ജി ട്രോഫി കേരളാ ടീമില്‍ ബേസില്‍ ഇടം നേടി. ഹൈദരാബാദില്‍ ഗോവയ്ക്കെതിരേ ആറു വിക്കറ്റ് നേട്ടം സ്വന്തമാക്കി. മുഷ്താഖ് അലി ക്രിക്കറ്റിന്റെ ദക്ഷിണമേഖലാ റൗണ്ടില്‍ അഞ്ച് ഇന്നിംഗ്സുകളിലായി എട്ടു വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. 140 കിലോമീറ്റര്‍ വേഗത്തില്‍ പന്തെറിയാനും ബേസിലിനു കഴിയുന്നുണ്ട്. ഓസ്ട്രേലിയയ്ക്കെതിരേയുള്ള ഇന്ത്യന്‍ ടീമിന് നെറ്റ്സില്‍ പന്തെറിയാനായി ബേസിലിനെ വിളിച്ചിരുന്നു. മദ്രാസ് എംആര്‍എഫ് പേസ് ഫൗണ്ടേഷനില്‍ പരിശീലനത്തിലാണിപ്പോള്‍.