മുംബൈ: ഗുജറാത്ത് ലയണ്‍സിന്റെ മലയാളി താരം ബേസിൽ തന്പി ഐപിഎൽ എമർജിംഗ് പ്ലെയർ പുരസ്കാരത്തിനുള്ള വോട്ടെടുപ്പിൽ ബഹുദൂരം മുന്നിൽ. മലയാളികളുടെ പിന്തുണ വർധിച്ചതോടെ രണ്ടാമതുള്ള മുംബൈ ഇന്ത്യൻസ് താരം നിധീഷ് റാണയേക്കാൾ മൂന്നു ഇരട്ടി വോട്ടിന് മുന്നിലാണ് ഇപ്പോൾ മലയാളി താരം. ബേസിലിന് വോട്ട് ചെയ്യാൻ അഭ്യർഥിച്ച് മലയാളികളുടെ നിരവധി പോസ്റ്റുകളാണ് സോഷ്യൽ മീഡിയയിൽ വരുന്നത്.
140 കിലോമീറ്ററിലേറെ വേഗത്തിൽ പന്തെറിയുന്ന ബേസിൽ അത്യാവശ്യ ഘട്ടത്തിൽ സ്ലോ ബോൾ നന്നായി ചെയ്യുന്നതിനൊപ്പം ഡെത്ത് ഓവറിലും മികച്ച രീതിയിലാണ് കളിക്കുന്നത്. സീസണിൽ ഇതുവരെ ഒന്‍പത് മത്സരങ്ങളിൽ 36.62 ശരാശരിയിൽ എട്ടു വിക്കറ്റുകളാണ് ഈ ഇരുപത്തിമൂന്നുകാരൻ വീഴ്ത്തിയത്.
29 റണ്‍സിന് മൂന്നു വിക്കറ്റ് എടുത്തതാണ് മികച്ച പ്രകടനം. റോയൽ ചലഞ്ചേഴ്സ് ബംഗളൂരു ഓപ്പണർ ക്രിസ് ഗെയ്ലിന്റെ വിക്കറ്റ് വീഴ്ത്തി അരങ്ങേറ്റ സീസണ് തുടങ്ങിയ ബേസിലിന് മുന്നിൽ വിരാട് കോഹ്ലി, മനീഷ് പാണ്ഡേ, കീറോണ്‍ പൊള്ളാർഡ്, സ്റ്റീവ് സ്മിത്ത്, എം.എസ്. ധോണി എന്നിവരെല്ലാം കീഴടങ്ങി