പെരുന്പാവൂർ: നീലക്കുപ്പായത്തിൽ ഇന്ത്യയ്ക്കായി പോരാടാൻ ഇറങ്ങുന്നതു ബേസിൽ തന്പിയും വീട്ടുകാരും സ്വപ്നത്തിൽ ഒരുപാടുതവണ കണ്ടുകഴിഞ്ഞ കാര്യമാണ്. അതു യാഥാർഥ്യമാകുന്നതിന്റെ ത്രില്ലിലാണു പെരുന്പാവൂർ ഇരിങ്ങോളുള്ള മുല്ലമംഗലം കുടുംബം. ശ്രീലങ്കയ്ക്കെതിരേയുള്ള ട്വന്റി 20 പരന്പരയ്ക്കായി ഇന്ത്യൻ ടീമിലേക്കു തെരഞ്ഞെക്കപ്പെട്ട ബേസിൽ തന്പിയുടെ വീട്ടിൽ ആഹ്ളാദത്തിരതല്ലൽ നിലയ്ക്കുന്നില്ല.
’പപ്പാ ഞാൻ ഇന്ത്യൻ ടീമിലെത്തി’, ഈ ഒരൊറ്റ വാചകം മാത്രമാണു ഗുജറാത്തിൽ രഞ്ജി ട്രോഫിയുടെ തിരക്കുകൾക്കിടയിൽനിന്നു വിളിച്ച ബേസിൽ പിതാവ് തന്പിയോടു പറഞ്ഞത്. വർഷങ്ങളുടെ സ്വപ്നവും അതിനുവേണ്ടിയുള്ള കഠിനപ്രയ്തനവുമെല്ലാം സഫലമാകുന്നതിന്റെ സന്തോഷം ആ വാക്കുകളിൽ നിറഞ്ഞുനിന്നിരുന്നു. രഞ്ജി കഴിഞ്ഞെത്തുന്ന ബേസിലിനെ കാണാൻ കാത്തിരിക്കുകയാണ് അമ്മ ലിസിയും അനിയത്തി സിനുവും മുത്തച്ഛനുമെല്ലാം.
ക്രിക്കറ്റാണു തന്റെ ജീവിതം എന്നു ബേസിൽ മനസിൽ ഉറപ്പിച്ച കാലം മുതൽ നാടും വീടും ഒരുപോലെ കേൾക്കാൻ കൊതിച്ച വാക്കുകളുമായാണു കഴിഞ്ഞ തിങ്കളാഴച് ഗുജറാത്തിൽനിന്നു ബേസിലിന്റെ വിളി എത്തിയതെന്നു തന്പി പറയുന്നു.
സന്തോഷവും അഭിമാനവും നിറഞ്ഞ നിമിഷങ്ങളായിരുന്നു അത്. ജീവിതത്തിലെ ഇതുവരെയുണ്ടായിരുന്ന എല്ലാ കഷ്ടപ്പാടുകളും ഈ സന്തോഷത്തിനു വേണ്ടിയായിരുന്നതു പോലെ തോന്നി. കാലം കാത്തുവച്ച ഈ സമ്മാനത്തിനു ദൈവത്തിനും ഒപ്പംനിന്നു പിന്തുണച്ച എല്ലാവർക്കു നന്ദി പറയുകയാണ് ഈ കുടുംബം.
ഗ്യാസ് ഏജൻസിയിലെ സാധാരണ ജീവനക്കാരനായിരുന്ന തന്പിക്കു മകന്റെ വലിയ സ്വപ്നങ്ങളെ മനസിലാക്കാൻ കഴിഞ്ഞതാണു ബേസിൽ നേടിയ വിജയത്തിന്റെ ആദ്യ ചവിട്ടുപടിയെന്നു നാട്ടുകാർ ഒരേസ്വരത്തിൽ പറയുന്നു.
സ്കൂൾ തലങ്ങളിൽ ക്രിക്കറ്റ് ബേസിലിന് ആവേശമായി മാറി. ഹൈസ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ പെരുന്പാവൂർ ആശ്രമം സ്കൂളിലും, ഹയർസെക്കൻഡറി വിദ്യാഭ്യാസം നേടിയ കുറുപ്പംപടി എംജിഎം സ്കൂളിലും ക്രിക്കറ്റിൽ ബേസിൽ തന്നെയായിരുന്നു താരം.
2012ൽ പങ്കെടുത്ത അണ്ടർ 19 മത്സരത്തിനുശേഷം ക്രിക്കറ്റ് ഉപേക്ഷിക്കാൻ ബേസിൽ തീരുമാനിച്ചു. വീട്ടിലെ സാന്പത്തിക ബുദ്ധിമുട്ടുകളായിരുന്നു കാരണം. വിദേശത്ത് എന്തെങ്കിലും ജോലിക്കു പോകാനായിരുന്നു ബേസിലിന്റെ തീരുമാനം.
പരിശീലനം നടത്തിയിരുന്ന പെരുന്പാവൂർ ക്രിക്കറ്റ് ക്ലബിലെ അംഗങ്ങളും ബേസിലിന്റെ കഴിവിൽ വിശ്വസിച്ചിരുന്ന പരിശീലകരും എതിർത്തു. ബേസിലിന്റെ സുഹൃത്തായ മുൻ രഞ്ജി താരം ദീപക്കിന്റെ ഉപദേശങ്ങളും മാർഗനിർദേശവും കൂടിയായപ്പോൾ ബേസിൽ വീണ്ടും ക്രിക്കറ്റിലേക്കടുത്തു.
കാറ്ററിംഗ് ജോലി ഏറ്റെടുത്തു കിട്ടുന്ന വരുമാനംകൊണ്ടാണു കുടുംബം ഇപ്പോൾ കഴിയുന്നത്. ബേസിൽ ഐപിഎൽ കളിച്ചു തുടങ്ങിയതോടെയാണു ബുദ്ധിമുട്ടുകൾ മാറിത്തുടങ്ങിയതെന്നു തന്പി പറഞ്ഞു. ഇതിനിടെ വീട് പുതുക്കിപ്പണിതു. ഐപിഎലിൽ ഗുജറാത്ത് ലയണ്സിനു വേണ്ടിയുള്ള മികച്ച പ്രകടനവും രഞ്ജി ട്രോഫിയിൽ കേരളത്തെ ക്വാർട്ടറിൽ എത്തിക്കാനായതുമാണ് ഇന്ത്യൻ ടീമിലേക്കുള്ള വഴി ബേസിലിനു മുന്നിൽ തുറന്നത്. ‘
രഞ്ജി ട്രോഫിയുടെ ക്വാർട്ടർ ഫൈനലിൽ വിദർഭയ്ക്കെതിരേയുള്ള കേരളത്തിന്റെ പോരാട്ടം ഇന്നു തുടങ്ങും. ഇന്ത്യൻ ടീമിലെത്തിയതിന്റെ ആവേശത്തിൽ ബേസിലിന്റെ പന്തുകൾ തീതുപ്പുന്പോൾ കേരളത്തിനു ചരിത്രവിജയം സ്വന്തമാകുമെന്ന പ്രതീക്ഷ കേരളമാകെ നിറയുന്നു.