നാഗ്പുർ: രഞ്ജി ട്രോഫി ഫൈനലിൽ കേരളത്തിനെതിരേ വിദർഭയ്ക്ക് അഞ്ചാം വിക്കറ്റ് നഷ്ടം. ഇരട്ടസെഞ്ചുറിയിലേക്ക് കുതിക്കുകയായിരുന്ന ഡാനിഷ് മലെവാർ ആണ് രണ്ടാംദിനം ആദ്യ സെഷനിൽ പുറത്തായത്.
ഒടുവിൽ വിവരം ലഭിക്കുമ്പോൾ അഞ്ചിന് 290 റൺസെന്ന നിലയിലാണ് വിദർഭ. 24 റൺസുമായി യഷ് താക്കൂറും രണ്ടു റൺസുമായി യഷ് റാത്തോഡുമാണ് ക്രീസിൽ.
നാഗ്പുരിലെ ജാംത വിസിഎ സ്റ്റേഡിയത്തില് രണ്ടാംദിനം നാലിന് 239 റൺസെന്ന നിലയിൽ ബാറ്റിംഗ് പുനരാരംഭിച്ച വിദർഭയെ മലെവാർ- യഷ് താക്കൂർ സഖ്യം അതിവേഗം 250 കടത്തി. ഇരുവരും ചേർന്ന് 51 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. ഇതിനിടെ മലെവാർ 150 പിന്നിട്ടു.
ഒടുവിൽ വിക്കറ്റിനു വേണ്ടി കിണഞ്ഞു ശ്രമിച്ച കേരളത്തിന് ആശ്വാസം പകർന്ന് എൻ.പി. ബേസിൽ എത്തി. ഇരട്ടസെഞ്ചുറി ലക്ഷ്യമാക്കി കുതിച്ച മലെവാറിനെ ബേസിൽ ബൗൾഡാക്കിയതോടെ വിദർഭ അഞ്ചിന് 290 റൺസെന്ന നിലയിലായി.
285 പന്തിൽ 15 ബൗണ്ടറികളും മൂന്നു സിക്സറുമുൾപ്പെടെ 153 റൺസെടുത്ത മലെവാറാണ് വിദർഭ നിരയിൽ ടോപ് സ്കോറർ. ആദ്യദിനം 12.5 ഓവറില് മുന്നുവിക്കറ്റിന് 24 റണ്സ് എന്ന തകര്ച്ചയില്നിന്ന് ഡാനിഷ് മലെവാര്-കരുണ് നായര് സഖ്യം നടത്തിയ രക്ഷാദൗത്യത്തിലൂടെയാണ് വിദർഭ സുരക്ഷിത സ്കോറിലെത്തിയത്. ഒന്നാംദിനം രണ്ടും മൂന്നും സെഷനുകള് പൂര്ണമായും നിയന്ത്രിച്ച മലെവാര്-കരുണ് സഖ്യം 215 റണ്സാണ് സ്കോര്ബോര്ഡില് എത്തിച്ചത്. 188 പന്തില് 86 റണ്സ് നേടിയാണ് കരുണ് നായര് പുറത്തായത്.
വിദര്ഭയുടെ മധ്യനിരയിലെ കരുത്തനായ അക്ഷയ് വഡ്കറും യാഷ് താക്കൂറും ഇനിയും അവശേഷിച്ചിരിക്കെ രണ്ടുദിവസം പേസര്മാരെ പിന്തുണയ്ക്കുന്ന പിച്ചില്നിന്ന് പരമാവധി ആനുകൂല്യം നേടുന്നതിനാകും ഇന്നു കേരളം ശ്രമിക്കുക.
ഒടുവിൽ ബ്രേക്ക്ത്രൂ സമ്മാനിച്ച് ബേസിൽ; മലെവാർ പുറത്ത്, വിദർഭയ്ക്ക് അഞ്ചുവിക്കറ്റ് നഷ്ടം
