വാകത്താനം സ്വദേശിയായ പി.എൻ. സണ്ണി എന്ന റിട്ടയേർഡ് പോലീസ് ഉദ്യോഗസ്ഥൻ പെട്ടെന്നൊരു ദിവസം കൊണ്ടാണ് സിനിമാ പ്രേക്ഷകരുടെ മനസിൽ കടന്നു കൂടിയത്.
ഒരിടവേളയ്ക്കു ശേഷം ഇപ്പോഴിതാ ഒറ്റ രാത്രികൊണ്ടാണ് സിനിമാ പ്രേക്ഷകരുടെ മനസിൽ വീണ്ടും ഇടംപിടിച്ചത്.
മോഹൻലാൽ നായകനായ സ്ഫടികത്തിലെ തൊരപ്പൻ ബാസ്റ്റിൻ എന്ന ഗുണ്ടാ വേഷത്തിലാണ് ആദ്യമായി സണ്ണി കാമറയ്ക്കു മുന്നിലെത്തുന്നത്.
ആടുതോമ്മയെ മെരുക്കാൻ ജയിലിൽ നിന്നു കൊണ്ടു വന്ന തൊരപ്പൻ ബാസ്റ്റിൻ എന്ന കഥാപാത്രത്തെയും തീപ്പെട്ടിയുണ്ടോ എന്ന ആ ഡയലോഗും തൊരപ്പൻ ബാസ്റ്റിനും ആടു തോമയുമായുള്ള സംഘട്ടന രംഗങ്ങളും ഇന്നും മലയാളികളുടെ മനസിൽ നിന്നു മായാതെ നിൽക്കുന്നു. ആടുതോമ്മയെ കുത്തിവീഴ്ത്തുന്ന രംഗവും മലയാളികളുടെ മനസിൽ നിന്നു മാഞ്ഞു പോയിട്ടില്ല.
അന്ന് കോട്ടയം പോലീസ് സ്റ്റേഷനിൽ കോണ്സ്റ്റബിളായിരുന്നു. പിന്നീട് ജോലിയുടെ തിരക്കിൽ സിനിമയിൽ സജീവമായില്ല.
ഇപ്പോഴിതാ കോട്ടയം ജില്ലയുടെ കിഴക്കൻ പശ്ചാത്തലത്തിലുള്ള പനച്ചേൽ കുടുംബത്തിന്റെ കഥയെ വെള്ളിത്തിരയിൽ ഒരുക്കിയ ജോജി എന്ന സിനിമ കഴിഞ്ഞയാഴ്ച രാത്രി 12 നാണ് ഒടിടിയിൽ റിലീസായത്.
കോട്ടയംകാരനായ ദിലീഷ് പോത്തൻ സംവിധാനം ചെയ്ത ചിത്രത്തിലെ കഥാപാത്രങ്ങളിൽ ചിലരെ കണ്ടെത്തിയതും ജില്ലയിൽനിന്നാണ്.
അക്കൂട്ടത്തിൽ ചിത്രത്തിലെ പനച്ചേൽ കുടുംബത്തിലെ കാരണവർ പി.കെ. കുട്ടപ്പനെ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് പി.എൻ. സണ്ണി.
സംവിധായകൻ ദിലീഷ് പോത്തൻ, തിരക്കഥാകൃത്ത് ശ്യാം പുഷ്കരൻ, നടനായ ഫഹദ് ഫാസിലടക്കമുള്ള മികച്ച ടീമിനൊപ്പം വർക്ക് ചെയ്യാൻ സാധിച്ചാണു വലിയ ഭാഗ്യം.
ഫഹദ് ഫാസിലിന്റെ ഇയ്യോബിന്റെ പുസ്തകത്തിൽ അഭിനയിച്ചപ്പോഴത്തെ പരിചയമാണ് തിരക്കഥാകൃത്ത് ജോജിയിലേക്ക് വിളിക്കാൻ കാരണമെന്നും സണ്ണി പറയുന്നു.
കോട്ടയം ഈസ്റ്റ്, വെസ്റ്റ്, ചിങ്ങവനം, മണർകാട് തുടങ്ങിയ വിവിധ സ്റ്റേഷനുകളിലും ക്രൈംബ്രാഞ്ച്, സെപ്ഷൽ ബ്രാഞ്ച്, ട്രാഫിക് എന്നിവയിലും സേവനം അനുഷ്ടിച്ചിരുന്നു.
2011ൽ പാലാ പോലീസ് സ്റ്റേഷനിൽനിന്നുമാണ് സബ് ഇൻസ്പെക്ടറായി റിട്ടയേർഡായത്. മിസ്റ്റർ കേരള മത്സരത്തിൽ ഫസ്റ്റ് റണ്ണറപ്പായിരുന്ന സണ്ണി ഞാലിയാകുഴിയിൽ ഹെൽത്ത് ക്ലബിന്റെ പ്രവർത്തനവുമായി സജീവമാണ്.
ഇതിനൊപ്പമാണ് അഭിനയവും. ബോഡി ഫിറ്റ്നസിൽ ശ്രദ്ധാലുവായ സണ്ണിയുടെ ജീവിതത്തിന്റെ ഭാഗമാണ് ഇന്നും യോഗയും ജിംനേഷ്യവും കളരിയമൊക്കെ.
വാകത്താനം പാടമുറിയിൽ ചിറപ്പുറത്ത് വീട്ടിൽ, മക്കളായ അഞ്ജലിയും ആതിരയും അലക്സിയും ഭാര്യ റെമിയും ചേരുന്നതാണ് സണ്ണിയുടെ കുടുംബം.