ആലപ്പുഴ: വൈദികരായ ഒരു കൂട്ടം പേരെ ഒരുമിപ്പിക്കുന്നത് ഒറ്റ വികാരം. ബാസ്കറ്റ്ബോള്‍. എന്‍.സി. ജോണ്‍ ട്രോഫിക്കുവേണ്ടിയുള്ള ആലപ്പുഴ ജില്ലാ ബാസ്കറ്റ്ബോള്‍ സീനിയര്‍ ലീഗ് ചാമ്പ്യന്ഷിപ്സ് 2024ല്‍ പങ്കെടുക്കുന്ന ഒരു ടീമിലെ എല്ലാ അംഗങ്ങളും വൈദികരാണ്. ആലപ്പി ഡിസ്ട്രിക്ട് ബാസ്കറ്റ്ബോള്‍ അസോസിയേഷന് (എഡിബിഎ) സംഘടിപ്പിക്കുന്ന ചാമ്പ്യന്ഷിപ്സ് 20, 21 തീയതികളില്‍ വൈഎംസിഎ ഇന്‍ഡോര്‍ ബാസ്കറ്റ്ബോള്‍ കോംപ്ലക്സിലാണ് നടക്കുന്നത്.
സീറോ മലങ്കര കത്തോലിക്കാസഭയില്‍ മാവേലിക്കര കേന്ദ്രമാക്കി ബാസ്കറ്റ്ബോള്‍ ഗെയിമിനായി മലങ്കരൈറ്റ്സ് എന്ന കൂട്ടായ്മയില്‍ ഒത്തുകൂടുന്നവരാണ് മുരിക്കന്‍സ് ക്ലബ്ബിന്റെ ജേഴ്സിയില്‍ കളിക്കളത്തിലിറങ്ങുന്ന വൈദികര്‍. സെമിനാരിയില്‍ പഠനത്തോടൊപ്പം ബാസ്കറ്റ്ബോളും പരിശീലിച്ചവര്‍. ഇങ്ങനെ താത്പര്യമെടുക്കുന്ന 21 പേരുടെ കൂട്ടുകെട്ടിലുള്പ്പെട്ടവരാണ് ഇപ്പോള്‍ കളത്തിലിറങ്ങുന്നത്.
സാധാരണ സൗഹൃദമത്സരങ്ങളില്‍ പങ്കെടുക്കുന്ന ടീം കൂടുതല്‍ ഗൗരവതരമായി വിവിധ ടൂര്‍ണമെന്റുകളില്‍ പങ്കെടുക്കാനുള്ള ശ്രമത്തിലാണ്. കളിക്കാരായ വൈദികര്‍ വിദ്യാര്‍ഥികളെ കോച്ച് ചെയ്യാനും മറ്റു ജോലികള്‍ക്കിടയില്‍ സമയം കണ്ടെത്താറുണ്ട്.
വികാരിമാര്‍ തുടങ്ങി അധ്യാപകര്‍ വരെയുള്ള പദവികളില്‍ സേവനങ്ങള്‍ ചെയ്യുന്നവരാണിവര്‍. ടീം ക്യാപ്റ്റന്‍ ഫാ. ജിന്‍സ് മെപ്പുറത്തും ടീം കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോബിന് കാമെച്ചംപറമ്പിലുമാണ്. കഴിഞ്ഞ വര്‍ഷം മാര്‍ ഈവാനിയോസ് ട്രോഫി വിന്നേഴ്സും ഈ വര്‍ഷം റണ്ണര്‍ അപ്പുമാണ് മലങ്കരൈറ്റ്സ്.