ദോഹ: ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനത്തിലൂടെ ഫിബ അണ്ടർ-16 ഏഷ്യൻ ചാന്പ്യൻഷിപ്പ് ബാസ്കറ്റ്ബോളിൽ ഇന്ത്യ അഞ്ചാം സ്ഥാനത്ത്.
ചാന്പ്യൻഷിപ്പിന്റെ ഉദ്ഘാടന വർഷമായ 2009ലും തുടർന്ന് 2011ലും 10 സ്ഥാനത്തെത്തിയതായിരുന്നു ഇതിനുമുന്പുള്ള ഇന്ത്യയുടെ മികച്ച പ്രകടനം.
ലോകകപ്പിനു യോഗ്യത നേടിയില്ലെങ്കിലും ടൂർണമെന്റിലുടനീളം ലോക റാങ്കിംഗിൽ 50-ാം സ്ഥാനത്തുള്ള ഇന്ത്യയുടെ പ്രകടനം ഗംഭീരമായിരുന്നു. ക്വാർട്ടർ ഫൈനലിൽ കരുത്തരായ ജപ്പാനോട് ഏഴു പോയിന്റ് വ്യത്യാസത്തിലാണു (91-84) പരാജയപ്പെട്ടത്.
ഈ മത്സരം ജയിച്ചിരുന്നെങ്കിൽ ഇന്ത്യക്കു ലോകകപ്പിനു യോഗ്യത നേടാമായിരുന്നു. 5-8സ്ഥാനത്തിനുള്ള ആദ്യ മത്സരത്തിൽ ഇന്ത്യ ലോക 17-ാം റാങ്കുകാരായ ഇറാനെ 83-78നു കീഴടക്കി.
നിശ്ചിത സമയത്ത് ഇരു ടീമും 70-70നു തുല്യത പാലിച്ചതോടെ ഓവർടൈമിലേക്കു നീങ്ങുകയായിരുന്നു. ഓവർടൈമിൽ 13 പോയിന്റ് നേടിയ ഇന്ത്യക്കെതിരേ എട്ടു പോയിന്റ് മാത്രമേ ഇറാനു നേടാനായുള്ളൂ.
മത്സരത്തിന്റെ ആദ്യ പകുതിയിൽ 40-20ന് ഇന്ത്യ മുന്നിലായിരുന്നു. എന്നാൽ മൂന്നാം ക്വാർട്ടറിൽ 31-13ന് ഇറാൻ മുന്നിലെത്തിയതോടെ ഇന്ത്യയുടെ ലീഡ് 53-51 ആയി ചുരുങ്ങി.
അവസാന ക്വാർട്ടറിൽ ഒപ്പത്തിനൊപ്പമുള്ള പോരാട്ടമായിരുന്നു. 19-17ന് ഇറാൻ മുന്നിലെത്തി. പോയിന്റ് ഒപ്പമായതോടെ അഞ്ചു മിനിറ്റ് ഓവർടൈമിലേക്കു മത്സരം കടന്നു.
ഓവർ ടൈമിൽ തകർപ്പൻ പ്രകടനം നടത്തി ഇന്ത്യ വിജയം സ്വന്തമാക്കി.ഇറാനെ തകർത്തതിന്റെ ആത്മവിശ്വാസത്തിൽ അഞ്ചാം സ്ഥാനക്കാർക്കുള്ള പോരാട്ടത്തിൽ 32-ാം സ്ഥാനക്കാരായ ദക്ഷിണ കൊറിയയെ ഞെട്ടിച്ച് 10 പോയിന്റ് വ്യത്യാസത്തിൽ ജയിച്ചു. 90-80നാണ് ഇന്ത്യ ജയിച്ചത്.
ഈ ജയത്തോടെ ഏഷ്യൻ ചാന്പ്യൻഷിപ്പിൽ ഇന്ത്യ അഞ്ചാം സ്ഥാനത്തെത്തി. 13 വർഷത്തെ ചരിത്രമുള്ള ടൂർണമെന്റിൽ ഇന്ത്യയുടെ ഏറ്റവും മികച്ച സ്ഥാനം.
ടൂർണമെന്റിലാകെ ഏഴു മത്സരങ്ങളിൽ അഞ്ചു ജയമാണ് ഇന്ത്യ നേടിയത്.ഫൈനലിൽ ഓസ്ട്രേലിയ 94-63ന് ജപ്പാനെ തോൽപ്പിച്ച് കിരീടത്തിൽ മുത്തമിട്ടു.