സിബിഐ ഉദ്യോഗസ്ഥനായ സേതുരാമയ്യർ പ്രേക്ഷകർ നെഞ്ചിലേറ്റിയ മമ്മൂട്ടിയുടെ ഹിറ്റ് കഥാപാത്രമായിരുന്നു. ഒരു സിബിഐ ഡയറിക്കുറിപ്പിൽ തുടക്കമിട്ട സേതുരാമയ്യരുടെ യാത്ര അവസാനിച്ചിട്ടില്ല. കുറ്റകൃത്യങ്ങളുടെ സങ്കീർണമായ കുരുക്കഴിക്കാൻ സേതുരാമയ്യർ വീണ്ടും എത്തുന്നുവെന്ന് റിപ്പോർട്ട്. മുൻചിത്രങ്ങളിലെന്ന പോലെ എസ്.എൻ സ്വാമി തന്നെയാണ് പുതിയതും ഈ സീരിസിലെ അഞ്ചാമത്തേതുമായ സിബിഐ ചിത്രത്തിന് തിരക്കഥയെഴുതുന്നത്. കെ.മധു തന്നെയാണ് ചിത്രം സംവിധാനം ചെയ്യുക.
“ബാസ്കറ്റ് കില്ലിംഗി’ലൂടെയാണ് കഥാവികാസം. ബാസ്കറ്റ് കില്ലിംഗ് എന്ന് പറയുമ്പോൾ അതൊര സസ്പെൻസാണ്. നിഗൂഢതയാണ്. നിങ്ങളിൽ പലരും ഈ വാക്ക് കേട്ടുകാണില്ല. അത് തന്നെയാണ് ഈ സിനിമയുടെ പ്രധാന ത്രെഡ്.
സിനിമ കണ്ടാൽ പ്രേക്ഷകർക്ക് അത് എന്താണെന്ന് മനസിലാകും. കാലത്തിന്റെ മാറ്റവും പ്രേക്ഷകരുടെ ചിന്താഗതികളുടെ മാറ്റങ്ങളും ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. ഇതുവരെ കണ്ടിട്ടില്ലാത്ത കൊലപാതക രീതികളാകും സിനിമയിലേത്. തിരക്കഥ പൂർത്തിയായി. സാഹചര്യങ്ങളെല്ലാം അനുകൂലമാണ്. ഒരു അഭിമുഖത്തിൽ എസ്.എൻ. സ്വാമി പറഞ്ഞു.
ഒരു സിബിഐ ഡയറിക്കുറിപ്പ് , ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ എന്നിവയാണ് മമ്മൂട്ടി സേതുരാമയ്യരെ അവതരിപ്പിച്ച മുൻചിത്രങ്ങൾ. പുതിയ കാലവും പുതിയ ചിന്തകളുമനുസരിച്ചുള്ള തിരക്കഥയാണ് ചിത്രത്തിനായി തയാറാക്കുന്നതെന്ന് എസ്.എൻ. സ്വാമി പറഞ്ഞു. പുതിയ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ശ്യാം ആണ്.