ഇന്ത്യന്‍ പശ്ചാത്തലത്തില്‍ വന്നിട്ടുള്ള ഹോളിവുഡ് സിനിമകള്‍ നിരവധിയാണ്. എങ്കിലും കേരളത്തെപ്പറ്റി പരാമര്‍ശിക്കുന്ന സിനിമകള്‍ വിരലില്‍ എണ്ണാനേയുള്ളൂ എന്നതാണ് സത്യം. എന്തായാലും ആ കുറവ് തീര്‍ക്കുകയാണ് ബസ്മതി ബ്ലൂസ് എന്ന ഹോളിവുഡ് സിനിമ. സിനിമയുടെ ട്രെയിലറില്‍ അടിമുടി കേരളമാണ്. ചങ്ങനാശേരിക്കാണ് ആ ഭാഗ്യം ഉണ്ടായത്.
പ്രശസ്ത സംവിധായകനും എഴുത്തുകാരനുമായ ഡാന്‍ ബാരന്‍ ആണ് ബസ്മതി ബ്ലൂസിന്റെ സംവിധായകന്‍. മുന്‍ ഓസ്‌കാര്‍ ജേതാവ് ബ്രീ ലാര്‍സണ്‍ ആണ് നായിക. ഡൊണാള്‍ഡ് സതര്‍ലാന്‍ഡ്സും ഒരു പ്രധാന റോളില്‍ എത്തുന്നു. നിരവധി ഇന്ത്യന്‍ താരങ്ങളും സിനിമയിലുണ്ട്. ആമേനിലും സിങ്കം ടുവിലും അഭിനയിച്ച ആന്‍ഡ്രിയ, ആഞ്ചല എന്നീ ബാലതാരങ്ങളും മറ്റു അഞ്ചു ഇന്ത്യന്‍ പുതുമുഖങ്ങളും സിനിമയിലുണ്ട്.
സിനിമയില്‍ യുവ ശാസ്ത്രജ്ഞയുടെ വേഷമാണ് ബ്രീ ലാര്‍സന്റേത്. ലിന്‍ഡ എന്നാണ് കഥാപാത്രത്തിന്റെ പേര്. ജനിതക മാറ്റം വരുത്തിയ നെല്‍വിത്ത് ഇന്ത്യയില്‍ എത്തിക്കുന്ന വിദേശ കമ്പനികളും അത് ഇവിടെ ഉണ്ടാക്കുന്ന സാമൂഹ്യ പ്രശ്‌നങ്ങളും ഒക്കെയാണ് ബസ്മതി ബ്ലൂസിന്റെ പ്രമേയം. ഈ വിത്ത് കണ്ടെത്താന്‍ ശാസ്ത്രജ്ഞ ഇന്ത്യയില്‍ എത്തുന്നതും ഇവിടെ അവര്‍ക്കുണ്ടാവുന്ന അനുഭവങ്ങളും ഒക്കെ സിനിമയിലുണ്ട്. ഇവിടെ അവര്‍ക്ക് ഒരു മലയാളിയോടുള്ള പ്രണയവും സിനിമയില്‍ ഉണ്ട്. റൊമാന്റിക്ക് കോമഡി വിഭാഗത്തില്‍ ഉള്ള സിനിമയാണ് ബസ്മതി ബ്ലൂസ്.
ഇന്തോ-അമേരിക്കന്‍ സംയുക്തസംരംഭമായ സിനിമയുടെ ഷൂട്ടിംഗിന്റെ ഏറിയ പങ്കും നടന്നത് ചങ്ങനാശേരിയിലും പരിസരങ്ങളിലുമായാണ്. 2013 ലാണ് സിനിമയുടെ ഷൂട്ടിങ്ങിനായി സംഘം ഇവിടെ എത്തിയത്. തുടര്‍ന്ന് പല കാരണങ്ങളാല്‍ സിനിമയുടെ റിലീസ് വൈകി പോയി. ചിത്രം ഉടന്‍ തന്നെ അമേരിക്കയിലെ തീയറ്ററുകളില്‍ എത്തും. കേരളത്തിലും താമസിയാതെ റിലീസ് ഉണ്ടാവും എന്നാണ് കരുതുന്നത്.