സീമ മോഹൻലാൽ
കൊച്ചി: ജില്ല പൈതൃക മ്യൂസിയമായി പ്രഖ്യാപിച്ചിട്ടുള്ള ഫോർട്ടുകൊച്ചിയിലെ 400 വർഷം പഴക്കമുള്ള ബാസ്റ്റിൻ ബംഗ്ലാവിൽ പ്രവേശിക്കാനാവാതെ കൊച്ചിയിലെത്തുന്ന വിനോദസഞ്ചാരികൾ മടങ്ങുന്നു. 16-ാം നൂറ്റാണ്ടിൽ പോർച്ചുഗീസുകാരാണ് ബാസ്റ്റിൻ ബംഗ്ലാവ് പണി കഴിപ്പിച്ചത്. 94 സെന്റിൽ സ്ഥിതി ചെയ്യുന്ന ബംഗ്ലാവിൽ രഹസ്യ ഭൂഗർഭ അറകളുണ്ട്.
1999-ൽ സംസ്ഥാന ആർക്കിയോളജി വകുപ്പ് സംരക്ഷിത പൈതൃകമായി പ്രഖ്യാപിച്ച ബാസ്റ്റിൻ ബംഗ്ലാവ് 2016 ലാണ് ജില്ലാ പൈതൃക കേന്ദ്രമായി മാറ്റിയത്. സംസ്ഥാനത്തെ ജില്ലകൾ തോറും ഒരു ജില്ലാ പൈതൃക മ്യൂസിയം എന്ന പദ്ധതി പ്രകാരമായിരുന്നു ഈ പ്രഖ്യാപനം. പ്രഖ്യാപനത്തിനു മുന്പുവരെ ഇവിടെ സബ് കളക്ടറുടെ ക്യാന്പ് ഓഫീസാണ് പ്രവർത്തിച്ചിരുന്നത്.
4.5 സ്ക്വയർ കിലോമീറ്റർ ഭൂവിസ്തൃതിയാണ് ഫോർട്ടുകൊച്ചി, മട്ടാഞ്ചേരി പ്രദേശത്തിനുള്ളത്. മത,ജാതി വംശ, ഭാഷകൾ കലർന്ന ആവാസ വ്യവസ്ഥയാണ് ഇവിടത്തെ പ്രത്യേകത. മലയാളം കൂടാതെ വിവിധ ഭാഷകൾ സംസാരിക്കുന്ന മുപ്പതിൽപരം സമൂഹങ്ങളും 15ൽ പരം കമ്മ്യൂണിറ്റി സെന്റിൽമെന്റുകളും ഇവിടെയുണ്ട്.
ഫോർട്ടുകൊച്ചി പൈതൃക മ്യൂസിയത്തിന്റെ പദ്ധതി പ്രകാരം കൊച്ചിയുടെ ഭാഷ, കമ്മ്യൂണിറ്റി, കൾച്ചറൽ ഹബ്ബാക്കി ഈ മ്യൂസിയത്തെ മാറ്റുകയെന്നതായിരുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ കണ്സെപ്റ്റായ ഈ പദ്ധതി മ്യൂസിയത്തിന്റെ നോഡൽ ഏജൻസിയായ കേരള മ്യൂസിയം ഇപ്പോൾ ഉപേക്ഷിച്ചതായും കേൾക്കുന്നു.
കേരള മ്യൂസിയം നിയമിച്ച ഒരു ചാർജ് ഓഫീസറും നാല് സ്വീപ്പർമാരും രണ്ടു ഗൈഡുകളും ഒരു സെക്യൂരിറ്റിയും ഇവിടെ സേവനം അനുഷ്ഠിക്കുന്നുണ്ട്. കൂടാതെ രണ്ടു തോട്ടക്കാരനെയും ഒരു ക്ലീനറെയും നിയമിച്ചിരുന്നു. തോട്ടക്കാരൻ നിലവിലില്ലാത്തതിനാൽ ലളിതകലാ അക്കാദമിയിലെ ശിൽപികൾ പണിതീർത്ത ശിൽപങ്ങൾ കാടുകയറിയ അവസ്ഥയിലാണ്.
ലോകപ്രസിദ്ധമായ ട്രാവൽ ഗൈഡായ ലോണ്ലി പ്ലാനെറ്റ് 2020-ൽ സന്ദർശിക്കേണ്ട പത്തു പ്രധാന ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കൊച്ചിയെ തെരഞ്ഞെടുത്തിട്ടുണ്ട്. പ്രതിവർഷം പതിനായിരത്തിലധികം വിനോദസഞ്ചാരികളാണ് കൊച്ചിയിൽ വന്നു പോകുന്നത്. ഇവിടത്തെ ഓരോ കല്ലിനും ഓരോ കഥകൾ പറയാനുണ്ട്.
രണ്ടു ദിവസം ഇവിടെ താമസിച്ച് ചുറ്റിക്കറങ്ങി കാണാവുന്നത്രയ്ക്ക് പ്രാധാന്യവും ഇവിടെയുണ്ട്. എന്നാൽ ബന്ധപ്പെട്ടവരുടെ കെടുകാര്യസ്ഥത മൂലം രണ്ടു മണിക്കൂർകൊണ്ട് സഞ്ചാരികൾ സന്ദർശനം അവസാനിപ്പിച്ച് മടങ്ങുന്ന സ്ഥിതിവിശേഷമാണുള്ളത്.
ടൂറിസം സീസണ് ആരംഭിച്ചിരിക്കുന്ന ഈ സീസണിലെങ്കിലും ബാസ്റ്റിൻ ബംഗ്ലാവ് സഞ്ചാരികൾക്കായി തുറന്നു കൊടുക്കണമെന്ന് കേരള ഹോംസ്റ്റേ ആൻഡ് ടൂറിസം സൊസൈറ്റി ഡയറക്ടർ(കേരള ഹാറ്റ്സ്) എം.പി ശിവദത്തൻ ആവശ്യപ്പെട്ടു. പൈതൃകനഗരിയിലെ ചരിത്രസ്മാരകങ്ങളുടെ നടത്തിപ്പിനും സംരക്ഷണത്തിനുമായി ഒരു നോഡൽ ഓഫീസറെ നിയമിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.