മറ്റ് ജീവികളുടെ രക്തമാണ് സാധാരണയായി ചിലയിനം വവ്വാലുകള്‍ ഭക്ഷിച്ചു വരുന്നത്. രക്തം കുടിക്കുന്ന പ്രേത കഥാപാത്രങ്ങളെ വിളിക്കുന്നതുപോലെ ‘വാമ്പയര്‍’ എന്നാണ് അവയേയും വിളിക്കുന്നത്. ചെറു ജീവികളുടേയും പക്ഷികളുടേയും രക്തമാണ് ഇവയ്ക്കു പഥ്യം. എന്നാല്‍ മനുഷ്യരാശിയെ മുഴുവന്‍ ഞെട്ടിക്കുന്ന വാര്‍ത്തയാണ് ബ്രസീലില്‍നിന്ന് പുറത്തുവന്നിരിക്കുന്നത്. വാമ്പയര്‍ വവ്വാലുകള്‍ മനുഷ്യരക്തവും കുടിച്ചുതുടങ്ങിയിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത.
ഫെഡറല്‍ യൂണിവേഴ്‌സിറ്റി ഓഫ് പെര്‍ണാംബുക്കോ എന്ന ബ്രസീലിയന്‍ സര്‍വകലാശാലയാണ് ഇതു സംബന്ധിച്ച പഠനം നടത്തിയത്. ക്യാറ്റിംബോ ദേശീയോദ്യാനത്തിലെ എഴുപതില്‍പരം വാമ്പയര്‍ വവ്വാലുകളുടെ വിസര്‍ജ്ജ്യ സാമ്പിളുകളാണ് അവര്‍ പഠനവിധേയമാക്കിയത്. അവരെ ഞെട്ടിച്ചുകൊണ്ട് അതില്‍ മൂന്നെണ്ണത്തില്‍ മനുഷ്യ രക്തത്തിന്റെ അംശം കണ്ടെത്തി. പക്ഷികളുടെ രക്തം കിട്ടാത്ത സാഹചര്യത്തില്‍ പന്നിയുടേയും ആടിന്റേയും രക്തം കൊണ്ട് വാമ്പയര്‍ വവ്വാലുകള്‍ തൃപ്തിപ്പെടുമെന്നാണ് ഇതുവരെയുണ്ടായിരുന്ന ധാരണ. കാട്ടുപക്ഷികളുടെ കുറവാണ് ഇത് സൂചിപ്പിക്കുന്നതെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു.
അമേരിക്കന്‍ ഭൂഖണ്ഡത്തിലെ ചില രാജ്യങ്ങളിലാണ് വാമ്പയര്‍ വവ്വാലുകള്‍ കാണപ്പെടുന്നത്. വന നശീകരണവും മറ്റുപല കാരണങ്ങളുംകൊണ്ട് വംശനാശ ഭീഷണി നേരിടുകയാണ് ഇവ. വളര്‍ത്തുജീവികളില്‍ പേവിഷബാധ പടര്‍ത്തുന്നതില്‍ ഇവയ്ക്ക് വലിയ പങ്കുണ്ട്. ഭക്ഷണം ലഭിക്കാത്ത സാഹചര്യങ്ങളില്‍ വാമ്പയര്‍ വവ്വാലുകള്‍ മനുഷ്യനുനേരെ തിരിയുന്നു എന്ന വാര്‍ത്ത ജനങ്ങള്‍ക്കും അധികൃതര്‍ക്കും ഒരുപോലെ അസുഖകരമാകുന്നതും ഇതുകൊണ്ടുതന്നെയാണ്.