ദമോ: മധ്യപ്രദേശിൽ ബിജെപി എംഎൽഎ ആകാശ് വിജയ്വർഗിയക്കു പിന്നാലെ ഉദ്യോഗസ്ഥരെ തല്ലാൻ ക്രിക്കറ്റ് ബാറ്റ് എടുത്ത് മറ്റൊരു ബിജെപി നേതാവ് കൂടി രംഗത്ത്. ബിജെപിയുടെ യുവജന വിഭാഗം നേതാവ് വിവേക് അഗർവാൾ ആണ് അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ബാറ്റ് ഉപയോഗിച്ച് കൈകാര്യം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയത്. ദമോയിലെ യുവമോർച്ച പ്രസിഡന്റ് ആണ് വിവേക്.
മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ എത്തിയതുമുതൽ പണവും കൈക്കരുത്തും ഇല്ലാതെ കാര്യങ്ങളൊന്നും നടക്കാത്ത സ്ഥിതിയാണ് ഉള്ളതെന്ന് വിവേക് ആരോപിച്ചു. അഴിമതി അനുവദിക്കില്ലെന്ന് ഇത്തരക്കാരെ അറിയിക്കുകയാണെന്നും വിവേക് ഭീഷണിമുഴക്കി.
ജനങ്ങളുടെ ആവശ്യങ്ങൾ ഉദ്യോഗസ്ഥർ നിർവഹിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ താൻ നഗരസഭയിലേക്ക് ബാറ്റുമായിപ്പോയി. ജോലി സത്യസന്ധമായും വേഗത്തിലും പൂർത്തിയാക്കിയാൽ ബാറ്റ് ഉപയോഗിക്കില്ലെന്ന് ഉദ്യോഗസ്ഥരോട് പറഞ്ഞു. അഴിമതിയുടേയോ അലസതയുടേയോ ലക്ഷണമുണ്ടായാൽ അവരെ പിന്തുടർന്ന് പിടിക്കുമെന്നും താൻ ഭീഷണിമുഴക്കിയതായും വിവേക് അറിയിച്ചു.
എന്നാൽ സംഭവം വിവാദമായതോടെ വിശദീകരണവുമായി വിവേക് രംഗത്തെത്തി. തന്റേത് പ്രതീകാത്മക നടപടിയാണെന്നും ആരെയും അടിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നുമാണ് വിവേകിന്റെ വിശദീകരണം. ഇതിനിടെ ആകാശ് വിജയ്വർഗിയ ക്രിക്കറ്റ് ബാറ്റിനടിച്ച ഉദ്യോഗസ്ഥനെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. മർദനത്തിൽ പരിക്കേറ്റ ധീരേന്ദ്ര സിംഗ് ബയ്സ് (46) ആണ് ഗുരുതരാവസ്ഥയിൽ ചികിത്സയിലുള്ളത്. വ്യാഴാഴ്ച രാത്രിയായി രുന്നു ധീരേന്ദ്ര സിംഗിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.