ചേർത്തല: ചേർത്തലയിൽ വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നിപ്പ വൈറസ് ഭീഷണി നേരിടുന്ന പ്രദേശത്തെ ജനങ്ങൾ ആശങ്കയിലാണ്. സാന്പിളുകൾ ഇന്നലെ അയച്ചെങ്കിലും അതിന്റെ റിപ്പോർട്ടും പ്രതീക്ഷിച്ച് ഇരിക്കുകയാണ് അന്വേഷണസംഘം. ചേർത്തല തെക്ക് പഞ്ചായത്തിൽ കുറുപ്പംകുളങ്ങര ചിന്നൻകവലയ്ക്കു സമീപം പൂട്ടിക്കിടക്കുന്ന കയർ ഗോഡൗണിണിലാണ് ഏകദേശം 150 ൽപ്പരം ചെറിയ വവ്വാലുകളെ ചത്ത നിലയിൽ കണ്ടെത്തിയത്.
വവ്വാലുകൾ ചത്തത് നിപ്പ രോഗത്തെ തുടർന്നായിരിക്കാമെന്ന സംശയത്തെ തുടർന്ന് നിപ്പ പ്രതിരോധത്തിന് ഉപയോഗിക്കുന്ന വസ്ത്രം ധരിച്ചെത്തിയ മൃഗസംരക്ഷണ വകുപ്പിന്റെ ഉദ്യോഗസ്ഥർ സാന്പിളുകൾ ശേഖരിച്ചു. മൃഗസംരക്ഷണ വകുപ്പിന്റെ പാലോട്, തിരുവല്ല ലാബുകളിലേക്ക് സാന്പിളുകൾ പരിശോധനയ്ക്ക് അയച്ചു. ഫലം ഉടൻ ലഭിക്കുമെന്നു മൃഗസംരക്ഷണ വകുപ്പ് അധികൃതർ പറഞ്ഞു.
ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പ് നേതൃത്വത്തിൽ ഗോഡൗണ്‍ ശുചീകരിച്ച് ചത്ത വവ്വാലുകളെ സമീപത്തായി തന്നെ കുഴിച്ചിട്ടിരിക്കുകയാണ്. പരിശോധനാ ഫലം വന്നശേഷം സംസ്കരിക്കും. വവ്വാലുകൾ ചത്തത് നിപ്പ അല്ലെന്നുള്ള പ്രാഥമിക നിഗമനമാണ് മൃഗസംരക്ഷണ വകുപ്പിനുള്ളത്. പൂട്ടിക്കിടക്കുന്ന ഗോഡൗണിൽ വവ്വാലുകൾ നേരത്തേയുള്ളതാണ്.
മഴയിലും കാറ്റിലും വാതിൽ അടഞ്ഞുപോയതു മൂലം പുറത്തേക്ക് പോകാനാകാതെ വവ്വാലുകൾ ശ്വാസംമുട്ടി ചത്തതിനാണ് സാധ്യതയെന്നും മഴയിൽ ജഡങ്ങൾ ചീഞ്ഞതാകാം വലിയ ദുർഗന്ധത്തിനു കാരണമായതെന്നും അധികൃതർ പറയുന്നു. കുഴിച്ചു മൂടിയ പ്രദേശത്തും സമീപ വീടുകളിലും അണുനാശിനി പൊടികളും പുകയ്ക്കാനുള്ള പൊടികളും ആരോഗ്യ വകുപ്പ് അധികൃതർ വിതരണം ചെയ്തു. വർഷങ്ങളായി പൂട്ടിക്കിടക്കുന്ന ഗോഡൗണ്‍ ബാധ്യതയെതുടർന്ന് ബാങ്കിന്റെ അധീനതയിലാണ്.