വാഴക്കുളം: നിപ്പ വൈറസ് പരത്തുന്നത് വവ്വലുകളാണെന്ന സ്ഥിരീകരണത്തെത്തുടർന്ന് വാഴക്കുളം പ്രദേശവാസികൾ ഭീതിയിൽ. കല്ലൂർക്കാട് കവലയ്ക്കു സമീപമുള്ള സ്വകാര്യ വ്യക്തിയുടെ പുരയിടം വർഷങ്ങളായി ആയിരക്കണക്കിനു വവ്വലുകളുടെ ആവാസ കേന്ദ്രമാണ്. പുരയിടത്തിലെ തേക്ക്, ആഞ്ഞിലി, പ്ലാവ് തുടങ്ങിയ മരങ്ങളാണ് ഇവയുടെ താവളം.
രാത്രിയിലും പകലും ഇവയുടെ ശബ്ദത്താൽ നിറയുകയാണിവിടം. മരങ്ങൾ വെട്ടിമാറ്റാനോ ഇവയെ പ്രദേശത്തുനിന്ന് ഒഴിവാക്കാനോ സാധിക്കുന്നില്ല. 10 വർഷത്തിനു മുകളിലായി ഇവിടെ വവ്വലുകളെ കണ്ടു വരുന്നതായി പ്രദേശവാസികൾ പറയുന്നു. തുടക്കത്തിൽ നാമമാത്രമേ ഉണ്ടായിരുന്നുള്ളൂ.
പകൽസമയങ്ങളിൽ വവ്വലുകൾ തലകീഴായി തൂങ്ങിക്കിടക്കുന്നത് പ്രദേശവാസികൾക്ക് കൗതുക കാഴ്ചയായിരുന്നു. ടൗണിനോടു ചേർന്നുള്ള ഇവയുടെ താവളമാണ് ഇപ്പോൾ ആശങ്കയുളവാക്കുന്നത്.