ന്യൂഡൽഹി: ഷോറൂമിൽനിന്നു വാങ്ങിയ ഷൂസ് ഇട്ടുകൊണ്ടുപോകാനുള്ള ക്യാരി ബാഗിന് മൂന്നു രൂപ ഈടാക്കിയ ബാറ്റ കന്പനിക്ക് 9000 രൂപ പിഴ. ഉപയോക്താവിന്റെ പരാതിയിൽ ചണ്ഡിഗഡിലെ കണ്‍സ്യൂമർ ഫോറമാണ് പിഴ വിധിച്ചത്.
ചണ്ഡിഗഡ് സ്വദേശിയായ ദിനേശ് പ്രസാദ് രത്തൂരിയാണു പരാതിയുമായി ഫോറത്തെ സമീപിച്ചത്. ഫെബ്രുവരി അഞ്ചിന് സെക്ടർ 22ഡിയിലെ ബാറ്റ ഷോറൂമിൽനിന്ന് ദിനേശ് ഒരു ജോടി ഷൂ വാങ്ങിയിരുന്നു. ഇത് കൈമാറിയപ്പോൾ ക്യാരി ബാഗിന്റെ വില കൂടി ചേർത്ത് 402 രൂപ ഈടാക്കി. ഇതിനെതിരേ ദിനേശ് ഉപഭോക്തൃ ഫോറത്തെ സമീപിക്കുകയായിരുന്നു.
ക്യാരി ബാഗിന് വില ഈടാക്കിയതു കൂടാതെ ബാറ്റയുടെ പരസ്യം ബാഗിൽ പതിപ്പിച്ച് സൗജന്യ പരസ്യം കൂടി കന്പനി നടത്തിയെന്ന് ദിനേശ് പരാതിപ്പെട്ടു. മൂന്നു രൂപ തിരിച്ചു ലഭിക്കണമെന്നും മോശം സർവീസിനു നഷ്ടപരിഹാരം നൽകണമെന്നുമാണ് ദിനേശ് ആവശ്യപ്പെട്ടത്.
ഫോറത്തിൽ സേവനത്തിലെ പിഴവ് ബാറ്റ നിഷേധിച്ചു. ഇതു തള്ളിയ ഉപഭോക്തൃ ഫോറം ക്യാരി ബാഗിന് പണം ഈടാക്കിയത് മോശം സേവനമാണെന്നു വിധിച്ചു. സാധനം വാങ്ങുന്ന ഉപയോക്താവിന് ക്യാരി ബാഗ് സൗജന്യമായി നൽകേണ്ടത് കന്പനിയുടെ ഉത്തരവാദിത്തമാണെന്നും ഫോറം ചൂണ്ടിക്കാട്ടി.
ദിനേശിന്റെ കൈയിൽനിന്ന് ഈടാക്കിയ മൂന്നു രൂപയ്ക്കൊപ്പം 1000 രൂപ വ്യവഹാര ചാർജായി നൽകാൻ ഫോറം വിധിച്ചു. കൂടാതെ, 3000 രൂപ ദിനേശിനു നഷ്ടപരിഹാരം നൽകാനും സംസ്ഥാന ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനിലേക്ക് 5000 രൂപ നിക്ഷേപിക്കാനും ഫോറം ബാറ്റ കന്പനിയോടു നിർദേശിച്ചു.