ജോമി കുര്യാക്കോസ്
കോട്ടയം: ബറ്റാലിയൻ ഹവീൽദാർമാരെ സീനിയോറിട്ടി അനുസരിച്ച് സിവിൽ പോലീസിലേക്കു നിയമിക്കാതെ പോലീസ് തലപ്പത്ത് ഒത്തുകളി. വിവിധ ബറ്റാലിയനിലെ ആയിരത്തിൽപരം പോലീസുകാരുടെ പ്രമോഷനും ശബള വർധനവും ഇതോടെ അട്ടിമറിക്കപ്പെടുകയാണ്. ഒന്പതു മാസത്തെ പരിശീനത്തിനുശേഷം സായുധസേനയിൽനിന്നു സിവിൽ പോലീസിലേക്കു സ്ഥലംമാറ്റത്തിന് അപേക്ഷിച്ചവർക്ക് എട്ടു വർഷത്തിലധികമായിട്ടും നിയമനമായില്ല.
ബറ്റാലിയനിലെ ഉദ്യോഗസ്ഥർക്ക് സീനിയോറിട്ടി സഹിതം സിവിൽ പോലീസിലേക്കു നിയമനം നൽകുന്നതിന് ഇപ്പോൾ മേഴ്സി ചാൻസ് സന്പ്രദാനം നടപ്പാക്കുന്നതോടെ പോലീസുകാരുടെ പ്രൊമോഷൻ വീണ്ടും വൈകുമെന്ന് ആരോപണമുണ്ട്. തിരുവനന്തപുരം ഡിഐജി എപി ബറ്റാലിയന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണു സംസ്ഥാനത്തെ ബറ്റാലിയൻ ഹവീൽദാർമാരുടെസിവിൽ പോലീസ് പ്രവേശനം അട്ടിമറിക്കുന്നത്.
സംസ്ഥാനത്തെ ബറ്റാലിയനുകളിൽ പരിശീലനത്തിനുശേഷം താൽപര്യം അനുസരിച്ച് അതാതു ജില്ലകളിലെ സിവിൽ പോലീസ് സേനയിലേക്കു മാറുകയോ സായുധസേനയിൽ തുടരുകയോ ചെയ്യാം. പരിശീലനത്തിനുശേഷം അവസരങ്ങൾ തെരഞ്ഞെടുത്തശേഷം പിന്നീട് മാറ്റങ്ങൾ മുന്പു നൽകിയിരുന്നില്ല. സായുധസേനയിൽ ഉന്നത തസ്തികകളിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥർക്ക് അതേ തസ്തികകളിൽ ജില്ലാ സിവിൽ പോലീസിൽ പ്രവേശനം ലഭിക്കുന്നതിനു മേഴ്സി ചാൻസ് എന്ന പേരിൽ വീണ്ടും അപേക്ഷ സമർപ്പിക്കാൻ അവസരം നൽകുന്ന ഉത്തരവ് കഴിഞ്ഞദിവസം ഡിജിപി ഇറക്കിയിരുന്നു.
ഇങ്ങനെ വിരമിക്കൽ പ്രായമായവരും സ്റ്റേഷൻ ഡ്യൂട്ടിലേക്കു മാറുന്നതോടെ വർഷങ്ങളായി സീനിയോറിട്ടി അനുസരിച്ചു പ്രൊമോഷൻ പ്രതീക്ഷിച്ചിരിക്കുന്ന സായുധ സേനയിലെ ഹവീൽദാർമാരുടെ അവസരം നഷ്ടമാകുകയാണ്. സിവിൽ പോലീസിൽ 600ൽ അധികം പേരുടെ ഒഴിവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. സ്റ്റേഷനുകളിലെ പോലീസുകാരുടെ ഒഴിവുകൾ നിരവധി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടും മേഴ്സി ചാൻസുകാർക്കുവേണ്ടി സ്ഥലംമാറ്റം നീട്ടിവച്ചിരിക്കുകയാണ്.
ഈ ഒഴിവുകൾ സായുധസേനയിലെ സീനിയോറിട്ടി അനുസരിച്ച് നികത്തുകയാണു പതിവ്. മേഴ്സി ചാൻസ് മുഖേന ഒഴിവു നികത്തിയാൽ ഉദ്യോഗസ്ഥർക്കു മാത്രമാകും പ്രൊമോഷൻ ലഭിക്കുക. സീനിയോറിട്ടി തർക്കങ്ങൾ ഉടലെടുക്കുമെന്നും പോലീസുകാർ ആരോപിക്കുന്നു.