സുൽത്താൻ ബത്തേരി: നഗരസഭയിലെ പൊതുഇടങ്ങളിൽ തുപ്പുന്നവർക്കെതിരെയും മലമൂത്രവിസർജനം നടത്തുന്നവർക്കെതിരെയും കർശന നടപടി എടുക്കുന്നതിന്റെ ഭാഗമായി മുറിക്കിതുപ്പി വൃത്തിഹീനമാക്കിയ ടൗണിലെ പഴയ ബസ് സ്റ്റാൻഡ് പരിസരവും ടൗണിലെ വിവിധ കേന്ദ്രങ്ങളിലും നഗരസഭാ ശുചീകരണ തൊഴിലാളികൾ വൃത്തിയാക്കി. വരും ദിവസങ്ങളിൽ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിക്കും.
വെറ്റില മുറുക്കാൻ വിൽപന നടത്തുന്ന കടകൾക്ക് നഗരസഭ ഹെൽത്ത് വിഭാഗം നിർദേശം നൽകും. നഗരത്തിലെ റോഡുകളിൽ തുപ്പുന്നവർക്ക് എതിരായി നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പോലീസിന് രേഖാമൂലം കത്ത് നൽകും.
ഇത്തരം കാര്യങ്ങൾ ചെയ്തതിന് ശേഷം ഒരാഴ്ചയ്ക്കകം പിഴ ഈടാക്കാൻ നടപടി സ്വീകരിക്കും. പകർച്ചവ്യാധികളുടെ വ്യാപനം തടയുന്നതിന് വേണ്ടിയാണെന്നും നഗരം വൃത്തിയോടെയും ആരോഗ്യത്തോടെയും കൊണ്ടുപോകുന്നതിന് എല്ലാവരുടേയും സഹകരണങ്ങൾ ഉണ്ടാകണമെന്നും നഗരസഭാ ചെയർമാൻ ടി.എൽ. സാബു ആവശ്യപ്പെട്ടു.