സൗത്ത് കരോലിന(യുഎസ്): കേട്ടാൽ വിശ്വസിക്കില്ല, വെള്ളം അലർജിയായ ഒരു പെൺകുട്ടിയുടെ ജീവിതം. അമേരിക്കയിലെ സൗത്ത് കരോലിനയിൽ താമസിക്കുന്ന ലോറൻ മോണ്ടെഫസ്കോ എന്ന 22കാരിയാണ് അപൂർവങ്ങളിൽ അപൂർവമായ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നത്.
കുളിക്കുകയോ, ജലവുമായി മറ്റു സന്പർക്കമുണ്ടാകുകയോ ചെയ്താൽ ശരീരമാകെ ചൊറിഞ്ഞു ചുണങ്ങു ബാധിച്ചപോലെയാകും. ഒരു മണിക്കൂർവരെ ചൊറിച്ചിൽ നീണ്ടുനിൽക്കും. ഇതുമൂലം കുളിക്കാൻ കഴിയുന്നില്ലെന്നു ലോറൻതന്നെയാണു ന്യൂയോർക്ക് പോസ്റ്റിൽ വെളിപ്പെടുത്തിയത്.
ഒരു സ്ത്രീ എന്ന നിലയിൽ ഈ അവസ്ഥ തരണം ചെയ്യുകയെന്നത് ഏറെ പ്രയാസകരമാണെന്നും ലോറൻ പറയുന്നു. “അക്വാജെനിക് ഉർട്ടികാരിയ’ എന്നാണ് ഈ രോഗാവസ്ഥ അറിയപ്പെടുന്നത്. വൈദ്യശാസ്ത്രചരിത്രത്തിൽ ഇതുവരെ ഇത്തരം 37 സംഭവങ്ങൾ മാത്രമാണു റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ലോറനു 12 വയസുള്ളപ്പോഴാണു രോഗാവസ്ഥ തിരിച്ചറിയുന്നത്.
കാലക്രമേണ രോഗം വഷളാകുകയായിരുന്നു. ചികിത്സയില്ലാത്തതിനാൽ, ദിനചര്യകളിൽ മാറ്റം വരുത്താനായിരുന്നു ഡോക്ടർമാരുടെ ഉപദേശം. കുളിച്ചെന്നു വരുത്തി അസ്വസ്ഥത കുറയ്ക്കാൻ ലോറൻ ശ്രമിക്കുന്നു. സോഷ്യൽ മീഡിയയിൽ സജീവയായ ലോറൻ വിവിധ അലർജികളുള്ളവരുമായി സൗഹൃദം സ്ഥാപിക്കുകയും അത്തരക്കാരുടെ ഗ്രൂപ്പ് സൃഷ്ടിക്കുകയും ചെയ്തിട്ടുണ്ട്.