ന്യൂഡൽഹി: ഡൽഹിയിൽ പത്താം ക്ലാസുകാരി സ്കൂൾ ശുചിമുറിയിൽ പ്രസവിച്ചു. നോർത്ത് ഡൽഹി മുഖർജി നഗറിലെ സർക്കാർ സ്കൂളിലായിരുന്നു സംഭവം. പെൺകുട്ടിയെ ഒരു വർഷമായി പീഡിപ്പിച്ചുവന്ന 51 കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
വ്യാഴാഴ്ചയായിരുന്നു 15 കാരിയായ വിദ്യാർഥിനി പ്രസവിച്ചത്. സ്കൂളിൽ പരീക്ഷയ്ക്ക് എത്തിയ പെൺകുട്ടി വയറുവേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് അധ്യാപകരുടെ അറിവോടെ ശുചിമുറിയിൽപോയത്. എന്നാൽ ഇവിടെയെത്തിയ പെൺകുട്ടി പ്രസവിക്കുകയായിരുന്നു. സംഭവം അറിഞ്ഞെത്തിയ അധ്യാപകർ പെൺകുട്ടിയെ ആശുപത്രിയിൽ എത്തിച്ചു. പോലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് പെൺകുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.
കഴിഞ്ഞ ഒരു വർഷത്തിനിടെ അയൽക്കാരനായ 51 കാരൻ പീഡിപ്പിച്ചുവരികയായിരുന്നെന്ന് പെൺകുട്ടി അറിയിച്ചു. അഞ്ചു തവണയാണ് ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. സംഭവം പുറത്തുപറയാതിരിക്കാൻ ഇയാൾ കുട്ടിക്ക് പണം നൽകുകയും ചെയ്തു. ബിഹാർ സ്വദേശിയും ഓട്ടോ റിക്ഷാ ഡ്രൈവറുമായ പ്രതി ജോലി തേടിയാണ് ഡൽഹിയിൽ എത്തിയത്.
പെൺകുട്ടി വയറുവേദനയുണ്ടെന്ന് പറഞ്ഞതിനെ തുടർന്ന് ഗർഭം അലസുന്നതിനുള്ള മരുന്ന് ഇയാൾ നൽകിയിരുന്നു. ഇത് കഴിച്ചതിനെ തുടർന്ന് പൂർണ വളർച്ചയെത്താത്ത കുട്ടിയെ പെൺകുട്ടി പ്രസവിച്ചു. 24ാം ആഴ്ച മാത്രമാണ് വളർച്ചയുണ്ടായിരുന്നത്.